തൊടുപുഴ: സെന്റ് മേരീസ് ആശുപത്രിയിൽ ബ്രെയിൻ ആൻഡ് സ്‌പൈൻ വിഭാഗം പ്രവർത്തനമാരംഭിച്ചു. ന്യൂറോളജി വിഭാഗവും ന്യൂറോസർജറി വിഭാഗവും ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്നതോടൊപ്പം ആക്സിഡന്റ് യൂണിറ്റും വിപുലീകരിക്കും. ആസ്റ്റർ മെഡിസിറ്റിയിലെ മുൻ ന്യൂറോസർജൻ ഡോ. അനൂപ് വർമയാണ് ഈ വിഭാഗത്തിന് നേതൃത്വം നൽകുന്നത്. ആക്സിഡന്റ് ട്രോമ സർജറികൾ, നട്ടെല്ലിന്റെ ഡിസ്‌ക്, ട്യൂമർ സർജറികൾ, ബ്രെയിൻ ട്യൂമർ സർജറികൾ തുടങ്ങി എല്ലാവിധ സങ്കീർണ ന്യൂറോ സർജറികളും നടത്തുന്നതിനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ന്യൂറോളജി വിഭാഗത്തിൽ ഡോ. എബിൻ ജോസ് സേവനമനുഷ്ഠിച്ചുവരുന്നു. സ്‌ട്രോക്ക് ഉണ്ടായാൽ നാലു മണിക്കൂറിനുള്ളിൽ ലഭിക്കേണ്ട സ്‌ട്രോക്ക് ത്രോംബലൈസേഷൻ ചികിത്സയും ഇവിടെ ലഭ്യമാണ്. ആഗോളതലത്തിൽ അസ്ഥിരോഗ ചികിത്സയിൽ പ്രഗത്ഭനായ ഡോ. ഒ.ടി. ജോർജിന്റെ നേതൃത്വത്തിൽ നാല് അസ്ഥിരോഗ വിദഗ്ധരാണ് ഇവിടെ സേവനം ചെയ്യുന്നത്. സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയ, ആർത്രോസ്‌കോപ്പിക് സർജറികൾ, ട്രോമാ സർജറി, സ്‌പൈൻ സർജറി, സ്‌പോർട്സ് മെഡിസിൻ, നട്ടെല്ലിന്റെ വളവ് നിവർത്തുന്നതിനുള്ള സ്‌കോളിയോസിസ് കറക്ഷൻ സർജറി തുടങ്ങിയ എല്ലാ സങ്കീർണ ശസ്ത്രക്രിയകളും ഇവിടെ നടത്തുന്നുണ്ട്. ജനറൽ സർജറി ആൻഡ് ലാപ്രോസ്‌കോപ്പിക് സർജറി, തൈറോയിഡ് സർജറി, ഇ.എൻ.ടി ആൻഡ് മൈക്രോ ഇയർ സർജറി എന്നീ വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. അത്യാധുനിക 1.5 ടെസ്ല എം.ആർ.ഐ സ്‌കാൻ ഉടൻ പ്രവർത്തനമാരംഭിക്കും. സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സ സാധാരണക്കാർക്കു താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുകയാണ് ആശുപത്രിയുടെ ലക്ഷ്യമെന്നും മാനേജിംഗ് ഡയറക്ടർ ഡോ. എബ്രഹാം തേക്കുംകാട്ടിൽ അറിയിച്ചു.