തൊടുപുഴ: മന്ത്രി കെ.ടി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളുടെയും രാഷ്ട്രീയപാർട്ടികളുടെയും നേതൃത്വത്തിൽ തൊടുപുഴയിൽ സമരപരമ്പര. പല തവണ പൊലീസും സമരക്കാരുമായി ഉന്തും തള്ളുമുണ്ടായി. നഗരത്തിൽ റോഡ് ഉപരോധിക്കുകയും പ്രതിഷേധ പ്രകടനം നടത്തി മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. രാവിലെ പത്തോടെ യുവമോർച്ച പ്രവർത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ പാലം ഉപരോധിച്ചു. ഉടൻ തന്നെ പൊലീസ് എത്തി സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി. ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ജില്ലാ ജനറൽ സെക്രട്ടറി വിനീത് വെണ്ണിപ്പറമ്പിൽ, സെക്രട്ടറി അജിത് കെ.നായർ, ജോമോൻ ഉടുമ്പന്നൂർ, ശ്രീരാജ് കാഞ്ഞിരമറ്റം, കണ്ണായി നിധിൻ, ബി. വിശാഖ്, അർജുൻ, അരുൺ എന്നിവർ നേതൃത്വം നൽകി. വൈകിട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനെ തുടർന്ന് സംഘർഷാവസ്ഥ ഉണ്ടായെങ്കിലും പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. രാജീവ് ഭവനിൽ നിന്നാരംഭിച്ച ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാനും മന്ത്രിയുടെ കോലം കത്തിക്കുന്നത് തടയാനും പൊലീസ് ശ്രമിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്, വൈസ് പ്രസിഡന്റ് കെ.കെ. തോമസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് തടഞ്ഞതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ പൊലീസിനെ മറികടന്ന് പ്രവർത്തകർ കെ.ടി. ജലീലിന്റെ കോലം കത്തിച്ചു. ഇതോടെ പൊലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്ത് വാനിൽ കയറ്റി. അറസ്റ്റിലായവരുമായി പോയ വാൻ സമരക്കാർ തടഞ്ഞു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമരക്കാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് , കെ.എസ്‌.യു നേതാക്കളായ ബിലാൽ സമദ്, അഫ്‌സിൻ ഫ്രാൻസിസ്, ആശിഷ് തട്ടാരയിൽ, സി.എം. മുനീർ, ഫസൽ സുലൈമാൻ, അൽത്താഫ് സുധീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് സമരത്തിൽ പങ്കെടുത്തവരെ മുഴുവൻ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. ഇവർക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വി.സി അനീഷ് അധ്യക്ഷത വഹിച്ച യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് തടയാൻ പൊലീസ് ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. ഗാന്ധിസ്‌ക്വയറിൽ നടന്ന പ്രതിഷേധ യോഗത്തിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ. നവാസ് വൈസ് പ്രസിഡന്റ് പി.എച്ച്.സുധീർ, അൻഷാദ് കുറ്റിയാനി, ഇ.എ.എം അമീൻ, നിസാർ പഴേരി, അഷിഖ് റഹിം, സി.കെ. ജാഫർ, എം.എം. ഷുക്കൂർ, മുഹമ്മദ് ഇരുമ്പുപാലം, തുടങ്ങിയവർ പ്രസംഗിച്ചു.