മറയൂർ പൊലീസ്‌സ്റ്റേഷന് മുൻ വശത്തുള്ല പൊതുമരാമത്ത് വകുപ്പിന്റെ ആഫീസിന് മുന്നിൽ നിന്ന് പിഴുതെടുത്ത ചന്ദന മരവും ചെത്തി മിനുക്കി ഇത്തവണ മറയൂർ ചന്ദനലേലത്തിന് വയ്ക്കും. മറയൂർ ടൗണിൽ പ്രവർത്തിക്കൂന്ന പൊതുമരാമത്ത് അസി. എൻജിനിയറുടെ കാര്യാലയത്തിന് മുന്നിൽ മൂന്ന് തടികളുമായി ചന്ദന മരം നിന്നിരുന്നു. ഇതിന്റെ ഏറ്റവും വലിയ ശിഖരം 2016 ഡിസംബർ 16ന് മോഷ്ടാക്കൾ മുറിച്ചു കടത്തി. പൊതുമരാമത്ത് അധികൃതർ ബാക്കിയുള്ള മരങ്ങൾ സർക്കാരിലേക്ക് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിനെ സമീപിച്ചു. സോഷ്യൽ ഫോറസ്റ്റട്രി പരിശോധിച്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് 2019 ജനുവരി 18ന് വനം വകുപ്പ് ചന്ദന മരംവേര് ഉൾപ്പെടെ പിഴുതെടുത്ത് ചന്ദന ഡിപ്പോയിൽ എത്തിച്ചശേഷം ചെത്തി ഒരുക്കിയ മരത്തിന്റെ ഭാഗങ്ങൾ ക്ലാസ് ഒന്ന് മുതൽ സാപ്പ് വുഡ് വരയുള്ള വിഭാഗത്തിൽ ലേലത്തിനായി തയ്യാറാക്കി. 30 ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു. 46.4 കിലോഗ്രാം തൂക്കം വരുന്ന വേര് ക്ലാസ് 7 വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ലേലത്തിൽ ക്ലാസ് 7 വിഭാഗം ഒരു കിലോ ഗ്രാമിന് 15,000 രൂപയാണ് വില ലഭിച്ച്. ഇത്തവണ വില ഉയരാനാണ് സാധ്യത. കഴിഞ്ഞ തവണത്തെ ലേലതുകയ്ക്ക് തന്നെ വിൽപ്പന നടന്നാൽ തന്നെ 22 ശതമാനം ജി.എസ്.ടി ഉൾപ്പെടെ 8.5 ലക്ഷം രൂപ സർക്കാരിന് ലഭിക്കും. ലേലത്തിലൂടെ ലഭിക്കുന്ന തുക ഭൂമിയുടെ ഉടമസ്ഥർക്ക് വനം വകുപ്പ് നൽകണമെന്നാണ് നിയമം. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലായതിനാൽ ലേല തുക സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കും.