മുട്ടം: മുട്ടം പഞ്ചായത്ത്‌ ശുചിത്വ പദവി നേടിയതിന്റെ പ്രഖ്യാപനം ഇന്ന് രാവിലെ11 ന് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ നിർവഹിക്കും. പഞ്ചായത്ത് നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ മാലിന്യ സംസ്കരണ രംഗത്ത് പഞ്ചായത്തും ശുചിത്വ മിഷനും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഹരിത കർമസേനയും ചേർന്ന് നടത്തിയിട്ടുള്ള മികച്ച പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് പഞ്ചായത്തിന് ശുചിത്വപദവി ലഭ്യമായത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായി നടത്തിയിട്ടുള്ള ബോധവൽക്കരണ പരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങലിലുള്ള ഇടപെടലുകൾ, വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് ശേഖരണം നടത്തുന്ന ഹരിതകർമസേനയുടെ പ്രവർത്തനം, മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ, തോടുകളുടെയും, റോഡുകളുടേയും സംരക്ഷണത്തിനായി ഗാർഡുനെറ്റുകൾ, വീടുകളിൽ തന്നെ ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള ബയോഗ്യാസ് പ്ലാന്റുകൾ, റിംഗ് കമ്പോസ്റ്റ്, കമ്പോസ്റ്റ് പിറ്റ് തുടങ്ങിയ പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി.മുട്ടം ഉൾപ്പെടെ 22 പഞ്ചായത്തുകളെയാണ് ജില്ലയിൽ ശുചിത്വ പദവിക്കായി തെരഞ്ഞെടുത്തത് . ജില്ലാതല പരിശോധനാ സംഘം പഞ്ചായത്തിൽ നേരിട്ട് വന്ന് വിവിധ ഘട്ടങ്ങളിൽ പരിശോധന നടത്തിയിരുന്നു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സംഭരിക്കുന്നതിനായിട്ട് ശുചിത്വമിഷന്റെ സഹായത്തോടെ പണികൾ നടക്കുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ (എം സി എഫ്) പണികൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. എം സി എഫ് പൂർത്തിയാകുമ്പോൾ ഏതാനും ദിവസങ്ങൾക്കകം തന്നെ അതിന്റെ പ്രവർത്തനം ആരംഭിക്കുന്നതാണ്. ഇതിനു മുൻപ് 2017 ലും 2018 ലും സംസ്ഥാന തലത്തിലും ,ജില്ലാ തലത്തിലും ആരോഗ്യ പുരസ്കാരവും മുട്ടം പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.