
അരിക്കുഴ :ഗവൺമെന്റ് സ്‌കൂൾ പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷ രഹിത ഭക്ഷണം, ആരോഗ്യമുള്ള കുടുംബം, സംതൃപ്തമായ ജീവിതം എന്നിവയെ പ്രോത്സാഹിപ്പിക്കാനായി പ്രഭാത യാത്രയും കാർഷിക വൃത്തിയും സംഘടിപ്പിച്ചു. ജീവിതശൈലീ രോഗങ്ങൾ പടർന്നു പിടിക്കുമ്പോൾ ആരോഗ്യകരമായ വ്യായാമശീലത്തിലേക്ക് ഓരോരുത്തരും കടന്നുപോവുക എന്ന ആശയമാണ് പ്രഭാത നടത്തത്തിലൂടെയുള്ള കൃഷി രീതി വഴി ഉദ്ദേശിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ അരിക്കുഴ സ്‌കൂളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവരുടെ വീടുകളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. ഇതിനായി വീടുകളെ 10 കുടുംബങ്ങളുള്ള ബാച്ചുകളായി തിരിച്ച് പരസ്പര സഹായത്തോടെയുള്ള കൂട്ടുകൃഷി രീതിയാണ് നടത്തുന്നത്. കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ഓരോ ബാച്ചിന്റെയും നേതൃത്വത്തിൽ ഓരോ മണിക്കൂർ വീതം പ്രഭാത നടത്തവുമുണ്ടാകും. പദ്ധതിയുടെ ഭാഗമായി നൂതന കൃഷി രീതികളും കാർഷിക അറിവുകളും പങ്ക് വയ്ക്കുന്നതിനായി എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച്ച സ്‌കൂളിൽ കൂട്ടായ്മയും നടത്തും. കൃഷി രംഗത്തുള്ള വിദഗ്ദ്ധരുടെ ക്ലാസുകളും ഈ കൂട്ടായ്മയിലുണ്ടാവും. ഇതിലൂടെ സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാവരുടേയും വീടുകളിൽ ഭക്ഷ്യ സ്വയം പര്യാപ്തത യാഥാർഥ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ആദ്യ ദിന പ്രഭാത നടത്തം പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി.കെ. ലതീഷ് അദ്ധ്യക്ഷത വഹിച്ചു. പങ്കെടുത്തവർക്ക് മണക്കാട് ഗ്രാമപഞ്ചായത്തംഗം ശോഭന രമണൻ പച്ചക്കറി വിത്ത് വിതരണം ചെയ്തു. തൊടുപുഴ എസ്. ഐ ബൈജു. പി.ബാബു തൈ നടീലിനു തുടക്കം കുറിച്ചു. പി.ഡി സജിത്ത് ദാസ് കാർഷിക ക്ലാസ് നയിച്ചു. എസ്.എം.സി. ചെയർമാൻ അനീഷ് പി.എൻ, പി.ടി.എ. കമ്മിറ്റി അംഗങ്ങളായ കെ.എൻ. ഗോപി, റ്റിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.ജിജിമോൾ വി.കെ. സ്വാഗതവും സിസി .കെ ജോസഫ് നന്ദിയും പറഞ്ഞു.