rajendran
വട്ടവടയിലെ പൊതു ബാർബർ ഷോപ്പിന്റെ ഉദ്ഘാടനം എസ് രാജേന്ദ്രൻ എം എൽ എ നിർവ്വഹിക്കുന്നു

മറയൂർ: വട്ടവടയിലെ ജാതി വേചനത്തിന് വിരാമമിടുന്നതിനായി പൊതുബാർബർ ഷോപ്പിന്റെ പ്രവർത്തനം ആരംഭിച്ചു. കൊവിലൂർ ബസ്റ്റാന്റിന് സമീപത്തെ പഞ്ചായത്ത് കെട്ടിടത്തിൽ ആരംഭിച്ച ബാർബർ ഷോപ്പ് എസ് രാജേന്ദ്രൻ എം എൽ എഉദ്ഘാടനം ചെയ്തു. താഴ്ന്ന ജാതിയിൽപെട്ടവരുടെ മുടിവെട്ടാൻ തയ്യാറാകാത്ത ജാതിവിവേചനം വിവാദമായതോടെയാണ് പഞ്ചായത്ത് ഇടപെട്ട് വിവേചനം കാട്ടിയ ബാർബർ ഷോപ്പുകൾ അടപ്പിക്കുകയും എല്ലാവർക്കും പ്രവേശനം അനുവദിക്കുന്ന പൊതു ബാർബർ ഷോപ്പ് ആരംഭിക്കുന്നതിന് തീരുമാനിച്ചത്. ബസ് സ്റ്റാന്റിൽ പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് ബാർബർ ഷോപ്പ് ആരംഭിച്ചത്. ജാതി വിവേചനം ഇനിയും വട്ടവടയിൽ തുടരേണ്ടതില്ലെന്നും പൊതു ബാർബർ ഷോപ്പിന്റെ പ്രവർത്തനം ആരംഭിക്കുന്നത് ഏവർക്കും മുടി വെട്ടനുള്ള അവകാശത്തിനു വേണ്ടിയാണെന്നും എം എൽ എ പറഞ്ഞു.ജാതി വിവേചനം ഇനിയും വട്ടവടയുടെ മണ്ണിൽ അനുവദിക്കില്ലന്ന ഉറച്ച തീരുമാനത്തിലാണ് പുതിയ തലമുറയും. ഇതോടൊപ്പം ഇനി വട്ടവടയിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കുന്ന ബാർബർ ഷോപ്പുകൾക്ക് മാത്രമായിരിക്കും പ്രവർത്തനാനുമതി. പഞ്ചായത്തിന്റെ ഇടപെടലിൽ പൊതു ബാർബർ ഷോപ്പ് ആരംഭിച്ചതിലൂടെ നൂറ്റാണ്ടുകളായി തുടർന്ന് വന്നിരുന്ന വലിയ വിവേചനത്തിനാണ് പര്യവസാനമായത്. പഞ്ചായത്ത് പ്രസിഡന്റ് ആർ രാമരാജ്, ഭരണ സമിതി അംഗങ്ങളായ എം കെ മുരുകൻ, അളക രാജ് , ജയാ മാരിയപ്പൻ, ബാർബേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷിബു, സെക്രട്ടറി ആർ നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.