മുട്ടം: തോട്ടുങ്കര ലക്ഷം വീട് കോളനി പ്രദേശത്തുള്ള റോഡരുകിൽ വൈദ്യുതി പോസ്റ്റ് ചരിഞ്ഞ് അപകടാവസ്ഥയിൽ. ചെറിയ കുട്ടികൾ ഉൾപ്പെടെ അനേകം ആളുകൾ നിത്യവും ഉപയോഗിക്കുന്ന റോഡിനോട് ചേർന്നാണ് അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റ്. പോസ്റ്റ് നിൽക്കുന്ന റോഡിന്റെ രണ്ട് വശങ്ങളിലും അടുത്തടുത്ത് വീടും പശു, ആട്, എരുമ എന്നിവയെ വളർത്തുന്നതിനുള്ള കൂടുകളുമുണ്ട്. മഴക്കാലം ആരംഭിച്ചതോടെ പോസ്റ്റ് കൂടുതൽ ചെരിയുന്നുമുണ്ട്. ഇത് സംബന്ധിച്ച് പഞ്ചായത്ത്, വൈദ്യുതി വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടികളായില്ല എന്ന് പ്രദേശവാസികൾ പറഞ്ഞു.