തൊടുപുഴ: പത്തുചെയിൻ മേഖലയിലെ കർഷകരിൽ നിന്ന് പട്ടയം നൽകുന്നതിനായി പണപ്പിരിവ് നടത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ആവശ്യപ്പെട്ടു.
ഇടുക്കി പദ്ധതിയുടെ ഭാഗമായുള്ള അയ്യപ്പൻകോവിൽ, കാഞ്ചിയാർ വില്ലേജുകളിൽപ്പെട്ട പത്തുചെയിൻ മേഖലയിലെ താമസക്കാരിൽ നിന്നാണ് പട്ടയം നൽകാനെന്ന പേരിൽ സ്ഥലം അളക്കുന്നതിനായി പണപ്പിരിവ് നടത്തിയത്. വ്യാജവാഗ്ദാനം നൽകി അനധികൃത പണപ്പിരിവ് നടത്തിയതിന് പ്രതിയാക്കപ്പെട്ട കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശിയും അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡണ്ട് എ.എൽ. ബാബുവും സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 5 സെന്റ് അളക്കാൻ 500 രൂപ എന്ന നിരക്കിൽ സ്ഥലത്തിന് അനുസരിച്ച 10000 രൂപ വരെ രസീത് പോലും നൽകാതെ പിരിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഏഴ് ചെയിൻ വരെയുള്ള മേഖലയിലെ ആളുകൾക്ക് പട്ടയം കിട്ടുകയും ചെയ്തു. അവശേഷിച്ച മൂന്ന് ചെയിനിലെ 1500 ഓളം കർഷകരും ഇത് കൂടുതൽ ദുരിതത്തിലാക്കുകയും ചെയ്തു.
ഏഴ് ചെയിൻ മേഖലയിൽ 900 കർഷകരാണുള്ളത്. മൂന്ന് ചെയിനിലെ ആളുകൾക്ക് പട്ടയം കിട്ടില്ലെന്ന് അറിഞ്ഞിട്ടും സംഭവത്തിൽ പണപ്പിരിവ് തുടരുകയായിരുന്നു. ഇത് വലിയ അഴിമതിക്ക് കാരണമായിട്ടുണ്ട്. മാത്രമല്ല സർവ്വെയർ സൗജന്യമായി അളന്ന് നൽകേണ്ട ഭൂമിയുടെ പേരിലാണ് 15 ലക്ഷത്തിലധികം രൂപ പിരിച്ചെടുത്തതെന്നും സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കെ.എസ്. അജി ആവശ്യപ്പെട്ടു.