തൊടുപുഴ: പട്ടയമേളയിൽ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കാത്തതിനെ വിമർശിച്ച് മന്ത്രി എം.എം. മണി. പങ്കെടുക്കാത്ത ഓരോ നേതാക്കളുടെയും പേരെടുത്ത് പറഞ്ഞായിരുന്നു അദ്ധ്യക്ഷപ്രസംഗത്തിൽ മന്ത്രിയുടെ പരിഹാസം. സ്വാഗതം പറയേണ്ട സ്ഥലം എം.എൽ.എ പി.ജെ. ജോസഫ് എന്തുകൊണ്ടോ വന്നിട്ടില്ല എന്നു പറഞ്ഞാണ് മന്ത്രി തുടങ്ങിയത്. മാന്യനായ പി.ജെ. ജോസഫ് മന്ത്രിയായിരുന്ന കാലത്ത് തൊടുപുഴ മേഖലയിലുള്ളവർക്ക് പട്ടയം നൽകാൻ സാധിച്ചില്ല. അതു കൊണ്ട് തന്നെ ചടങ്ങിലെത്തി സ്വാഗതം പറയാനും വിമർശിക്കാനും എം.എൽ.എയ്ക്ക് കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഇവിടത്തുകാർ പ്രമാണിമാരല്ലാത്തതിനാലാണ് യു.ഡി.എഫ് സർക്കാർ പട്ടയം നൽകാതിരുന്നത്. റവന്യു മന്ത്രിയുടെ താത്പര്യം ഒന്നുമാത്രമാണ് തൊടുപുഴ താലൂക്കിലുള്ളവർക്ക് പട്ടയം ലഭിക്കാൻ കാരണമായത്. എം.എൽ.എമാരായ ഇ.എസ്. ബിജിമോളും എസ്. രാജേന്ദ്രനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ ശേഷം നഗരസഭാ അദ്ധ്യക്ഷ കോൺഗ്രസിലെ സിസിലി ജോസിന്റെ പേര് വായിച്ചു ആ മഹതി എത്തിയില്ലെന്നായിരുന്നു മന്ത്രിയുടെ കമന്റ്. അൽപനേരത്തിനു ശേഷം സിസിലി ജോസ് വേദിയിലെത്തുകയും ചെയ്തു. യു.ഡി.എഫ്‌ നേതാക്കളെയെല്ലാം ചടങ്ങിലേക്കു വിളിച്ചിരുന്നെന്നും അവർക്ക് വേണമെങ്കിൽ വരാമായിരുന്നുവെന്നും ചടങ്ങിനു ശേഷം മാദ്ധ്യമങ്ങളോട് മന്ത്രി പറഞ്ഞു.