തൊടുപുഴ: പട്ടയമേളയിൽ സ്വാഗതപ്രസംഗകനായി നിശ്ചയിച്ചിരുന്നത് പി.ജെ. ജോസഫ് എം.എൽ.എയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അഭാവത്തിൽ റോഷി അഗസ്റ്റ്യൻ എം.എൽ.എയ്ക്കാണ് സ്വാഗതം പറയാൻ അവസരം കിട്ടിയത്. ഒമ്പത് മാസങ്ങൾക്ക് മുമ്പ് ജനുവരിയിൽ കട്ടപ്പനയിൽ നടന്ന പട്ടയമേളയിൽ ഇതേപോലെ റോഷിയുടെ സ്വാഗതപ്രസംഗത്തിലെ പരാമർശം അദ്ധ്യക്ഷനായ എം.എം. മണി വിമർശിച്ചത് രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കു ഇടയായിരുന്നു. യു.ഡി.എഫ് സർക്കാർ 45,000 പട്ടയങ്ങൾ വിതരണം ചെയ്തെന്ന് അന്ന് റോഷി പ്രസംഗിച്ചപ്പോൾ,​ അത് എവിടാണെന്നു ആ‌ർക്കും അറിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ താൻ സംസ്ഥാന മന്ത്രിയാണെന്നു പറഞ്ഞുനടന്നിട്ട് കാര്യമുണ്ടോയെന്ന് മന്ത്രി അന്ന് ചോദിച്ചതും ഇതിന് ഡീൻ കുര്യാക്കോസ് എം.പി മറുപടി നൽകിയതും വിവാദമായിരുന്നു . എന്നാൽ അതേ റോഷി ഇന്നലെ എൽ.ഡി.എഫിന്റെ ഭരണനേട്ടങ്ങളെ പുകഴ്ത്തുന്നതാണ് കണ്ടത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരനെയും എം.എം. മണിയെയും റോഷി പ്രസംഗത്തിൽ അഭിനന്ദിച്ചു. പത്ത് ചെയിൻ മേഖലയിലെ ഏഴ് ചെയിനിലും പട്ടയം നൽകിയ സർക്കാരിനെ അഭിനന്ദിക്കുന്നതായി റോഷി പറഞ്ഞു. ശേഷിച്ചവർക്ക് പട്ടയം നൽകാൻ റവന്യുമന്ത്രി അതി തീവ്രനടപടികൾ ചെയ്യുന്നുണ്ട്. എല്ലാ വിഭാഗക്കാർക്കും പട്ടയം കൊടുക്കുക വഴി ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. ഇടുക്കിയിൽ മികച്ച റോഡുകൾ ഇപ്പോഴുണ്ട്. മെഡിക്കൽ കോളേജിന്റെ വികസനത്തിന് പത്ത് കോടി രൂപ മന്ത്രി മണി അനുവദിച്ചത് തനിക്ക് ഏറെ ആഹ്ലാദം തരുന്ന കാര്യമാണെന്നും റോഷി സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.