നെടുങ്കണ്ടം : ഉമ്മൻചാണ്ടി നിയമസഭാ സാമാജികൻ എന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന സെപ്തംബർ 17 നു ജില്ലയിൽ കൊവിഡ് 19 മാനദ്ണ്ഡങ്ങൾ പാലിച്ച് വിപുലമായ ആഘോഷ പരിപാടികൾ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. കോട്ടയത്തു നടക്കുന്ന ചടങ്ങ് തൽസമയം ജില്ലയിലെ മുഴുവൻ വാർഡ് തലങ്ങളിലെയും പ്രധാന ജംഗ്ഷനുകളിൽ പ്രത്യേക ടി.വി. സ്ഥാപിച്ച് പൊതുജനങ്ങൾക്ക് കാണാനുള്ള സൗകര്യം ഒരുക്കും. . ഡി.സി.സി പ്രസിഡന്റും പ്രമുഖ നേതാക്കളും അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസി കോളനി നിവാസികളോടൊപ്പം ഉച്ചകഴിഞ്ഞ് 2ന് ഒത്തു ചേരും . വീഡിയോ കോൺഫറൻസിലൂടെ ഉമ്മൻചാണ്ടി ആദിവാസി കോളനി നിവാസികളോടു സംസാരിക്കും.
യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്സ്, ഐ.എൻ.ടി.യു.സി, കെ.എസ്.യു, ദളിത് കോൺഗ്രസ്സ്, ആദിവാസി കോൺഗ്രസ്സ്, സേവാദൾ, കർഷക കോൺഗ്രസ്സ് തുടങ്ങിയ പോഷക സംഘടനകളുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് നിരവധി കേന്ദ്രങ്ങളിൽ പരിപാടികൾ നടത്തുമെന്നും കല്ലാർ അറിയിച്ചു.