തൊടുപുഴ: പട്ടികവർഗ വിഭാഗക്കാരുടെ പട്ടയമെന്ന ഏറെ നാളത്തെ ആവശ്യം തുറന്ന മനസോടെയാണ് സർക്കാർ പരിഗണിച്ചതെന്ന് ഐക്യമലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് വിഭാഗക്കാർക്ക് നൽകുന്നത് പോലെ പട്ടികവർഗ വിഭാഗക്കാർക്കും പട്ടയം നൽകണമെന്ന ആവശ്യം ഉന്നയിച്ച് സഭ നിരവധി പ്രക്ഷോഭങ്ങൾ നയിച്ചിരുന്നു. മുമ്പ് അധികാരത്തിലിരുന്നവരോട് ഈ ആവശ്യം ഉന്നയിച്ചെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അവർ സമുദായത്തെ വിസ്മരിക്കുകയായിരുന്നു. എന്നാൽ, ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച് ആദിവാസികൾക്ക് പട്ടയം നൽകാൻ തീരുമാനിക്കുകയായിരുന്നു. മറ്റ് ജില്ലകളിലെ പട്ടയ നടപടികളും വേഗത്തിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ എസ്. പ്രശാന്ത്, എം.എൻ. ഗോപാലകൃഷ്ണൻ, കെ.കെ. പുഷ്പരാജൻ, വി.എം. ഗോപി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.