തൊടുപുഴ: സ്വർണക്കടത്ത് കേസിൽ അന്വേഷണവിധേയമായി എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. ഉച്ചയ്ക്ക് 12 ന് നടന്ന മാർച്ച് സിവിൽ സ്റ്റേഷന് മുമ്പിലെത്തിയപ്പോൾ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ജില്ലാ പ്രസിഡന്റ് കെ.എം അജ്മൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആഷിക് റഹിം സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം ഷെഹിൻഷ, ജില്ലാ ഭാരവാഹികളായ സൽമാൻ എസ്.എ, അഫ്‌സൽ, മിദ്‌ലാജ്, അജ്മൽ ഇല്ലിക്കൻ, നിയോജക മണ്ഡലം പ്രസിഡന്റ് ആസാദ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.എം നിസാമുദ്ദീൻ, കെ.എം നിഷാദ്, ഷാമിൽ അസീസ് എന്നിവർ പ്രസംഗിച്ചു.