തൊടുപുഴ: നഗരത്തിലെ വിവിധ മേഖലകളിലുള്ള റോഡുകൾ കൈയ്യേറിയുള്ള അനധികൃത വാഹന പാർക്കിഗ് അവസാനിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. ഇന്നലെ രാവിലെ മുതൽ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. പൊതുജനങ്ങൾക്ക് നടന്ന് പോകാൻ കഴിയാത്ത വിധം തിരക്കേറിയ റോഡിന്റെ വശങ്ങളിലും സ്ലാബിന്റെ കുറുകെയും കാൽ നടയാത്രക്കാർക്ക് സഞ്ചരിക്കാനായിട്ടുള്ള റോഡിലെ വരികൾക്ക് മുകളിലും നോ പാർക്കിങ്ങ് മേഖലകളിലും അനധികൃത വാഹന പാർക്കിങ്ങ് പരിശോധനയിൽ കണ്ടെത്തി. അനധികൃത വാഹന പാർക്കിങ്ങ് നടത്തിയ വാഹന ഉടമകളിൽ ചിലർ ഓൺ ലൈൻ വഴി പിഴ അടച്ചു. മറ്റ് ചിലരുടെ കേസുകൾ കോടതി നടപടികൾക്കായി കൈമാറി. റോഡിന്റെ വശങ്ങളിലുള്ള വെള്ള വര ജനത്തിന് നടക്കാനുള്ളതാണെന്നും ഇത് വാഹന പാർക്കിങ്ങിനുള്ളതാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ വ്യാപകമായി ഇവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണെന്നും വരും ദിവസങ്ങളിലും അനധികൃത വാഹന പരിശോധന തുടരുമെന്നും മോട്ടോർ വാഹന ഉദ്യോഗസ്ഥർ അറിയിച്ചു.