തൊടുപുഴ: കൊവിഡ് കാലത്തെ കനത്ത സ്‌കൂൾ ഫീസ് പുനഃപരിശോധിക്കണമെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ഫീസ് കുറയ്ക്കണമെന്ന ആവശ്യവുമായി വെങ്ങല്ലൂർ കോ- ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് രംഗത്തെത്തിയത്. കഴിഞ്ഞവർഷം അടച്ച അതെ ഫീസ് തന്നെ ഓൺലൈൻ ക്ലാസ് മാത്രമുള്ളപ്പോഴും അടയ്ക്കണമെന്നാണ് സകൂളിൽ നിന്ന് നൽകിയിരിക്കുന്ന നിർദേശമെന്ന് ഇവർ പറയുന്നു. സ്‌പെഷ്യൽ ഫീസ് മാത്രം കുറവ് ചെയത് ടേം ഫീസ് കുറക്കില്ലെന്ന നിലപാടാണ് സ്‌കൂൾ മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. കേവലം അഡ്മിഷൻ മാത്രം നേടി സ്‌കൂൾ പോലും കാണാൻ ഭാഗ്യം ലഭിക്കാത്ത എൽ.കെ.ജി വിദ്യാർത്ഥികളിൽ നിന്ന് അഡ്മിഷൻ ഫീസായി 4800 രൂപ വാങ്ങിയിരുന്നു. അവർ വീണ്ടും ഫീസ് ഒടുക്കണമെന്ന അറിയിപ്പ് വിരോധാഭാസമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി എം.പി, എംഎൽഎ, ജില്ലാ കളക്ടർ, ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ, ജില്ലാ വിദ്യാഭ്യാസ ആഫീസർ തുടങ്ങിയ അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ മാനേജ്‌മെന്റ് പ്രതിനിധികളെയും രക്ഷിതാക്കളെയും ചർച്ചയ്ക്കായി വിളിച്ചിരുന്നു. എന്നാൽ സ്‌കൂൾ മാനേജ്‌മെന്റ് ചർച്ചയിൽ നിന്ന് വിട്ടു നിൽക്കുകയാണ് ചെയ്യുന്നതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. രക്ഷിതാക്കളുടെ ന്യായമായ ആവശ്യം നേടിയെടുക്കുന്നതിനായി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പേരന്റ്‌സ് ഫോറം ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എൻ.ഐ. ബെന്നി, സമീർ കോണിക്കൽ, അനിൽ ജോസ്, ശ്രീബ ശ്രീകാന്ത്, നിഷ ഉണ്ണികൃഷ്ണൻ, ശ്രീമോൾ ബിനു എന്നിവർ പങ്കെടുത്തു.

'രക്ഷിതാക്കളുടെയും പി.ടി.എയുടെയും ആവശ്യത്തെതുടർന്ന് സ്‌പെഷ്യൽ ഫീസ് ഉൾപ്പെടെ നേരത്തെ തന്നെ കുറച്ചിരുന്നു. 35 ശതമാനമായി ഫീസ് കുറയ്ക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം അംഗീകരിക്കാനാവില്ല. നിലവിലെ സാഹചര്യത്തിലും കുട്ടികളുടെ ക്ലാസുകൾക്കോ അദ്ധ്യാപകരുടെ ശമ്പളത്തിനോ ഒരു മുടക്കവും സംഭവിച്ചിട്ടില്ല."

- ബോബി ജോസഫ് (സ്‌കൂൾ പ്രിൻസിപ്പൽ)