തൊടുപുഴ: ബ്ലോക്കിന് കീഴിലെ എല്ലാ പഞ്ചായത്തുകൾക്കൊപ്പം തൊടുപുഴ
ബ്ലോക്ക് പഞ്ചായത്തും ശുചിത്വ പദവിയുടെ പെരുമയിൽ. സംസ്ഥാന സർക്കാർ
നിശ്ചയിച്ച മാനദണ്ഡങ്ങളും വിലയിരുത്തൽ ഘടകങ്ങളുമെല്ലാം പൂർത്തിയാക്കിയാണ് ബ്ലോക്ക് ശുചിത്വ പദവി സ്വായത്തമാക്കുന്നത്. ശുചിത്വ പദവി പ്രഖ്യാപനം 22ന് നടത്തുന്നതിനാണ് തീരുമാനമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിലിക്കാട്ട് പറഞ്ഞു. ശുചിത്വ പദവി നേടുന്ന ജില്ലയിലെ ഏക ബ്ലോക്ക് പഞ്ചായത്താണ് സംസ്ഥാന ഹരിത അവാർഡ് ജേതാവു കൂടിയായ തൊടുപുഴ. പഞ്ചായത്തുകളിലെ എം.സി.എഫുകളിൽഹരിതകർമ്മസേനയെത്തിക്കുന്ന അജൈവ, പാഴ്‌വസ്തുക്കൾ തരം തിരിച്ച് പുനചംക്രമണത്തിനും മറ്റുമായി കൈയൊഴിയുന്നതിന് ക്ലീൻകേരള കമ്പനിയുമായി കരാർ വെച്ച ഏക ബ്ലോക്കും തൊടുപുഴ തന്നെ. ബ്ലോക്കിലെ മണക്കാട്, പുറപ്പുഴ, കരിങ്കുന്നം, കുമാരമംഗലം, മുട്ടം, ഇടവെട്ടി പഞ്ചായത്തുകളുടെ എം.സി.എഫിൽ നിന്ന് ബ്ലോക്കിന്റെ സ്വന്തം വാഹനത്തിലാണ് പാഴ് വസ്തുക്കൾ നെടിയശാലയിലെ റവന്യൂ റിക്കവറി ഫെസിലിറ്റിയിലെത്തിക്കുന്നത്.നീർച്ചാലുകളെയും തോടുകളെയും മാലിന്യ മുക്തമാക്കുന്നതിൽ സജീവ ഇടപെടൽ നടത്തി ബ്ലോക്ക് പരിധിയിലെ 47 നീർച്ചാലുകളുടെ 76 കിലോമീറ്റർ ദൂരമാണ് മാലിന്യമുക്തമാക്കിയത്. സ്വന്തമായി ബെയ്‌ലിംഗ്, ഷ്രഡിംഗ് യൂണിറ്റുകൾ പഞ്ചായത്തുകളിൽ നിന്നുമെടുക്കുന്ന പാഴ്‌വസ്തുക്കളെ നീക്കം ചെയ്യും.പ്ലാസ്റ്റിക്കുകൾ തരംതിരിച്ച് പുനചംക്രമണത്തിനായി ക്ലീൻ കേരള കമ്പനിക്ക് നൽകുന്നു. പ്ലാസ്റ്റിക്ക് കുപ്പികൾ ആർ.ആർ.എഫിലെ ബെയ്‌ലിംഗ് യൂണിറ്റിൽ ബെയ്ൽ ചെയ്താണ് കൈമാറുന്നത്. അല്ലാത്തവ പൊടിച്ച് റോഡ് ടാറിംഗിനായി ക്ലീൻ കേരള കമ്പനിക്ക് നൽകുന്നു. ഇതിനകം 15000 കിലോഗ്രാം പ്ലാസ്റ്റിക്ക് പൊടിച്ചു. 14,000 കിലോഗ്രാം റോഡ് ടാറിംഗിന് ഉപയോഗിച്ചു. 14 കിലോമീറ്റർ റോഡിന്റെ ടാറിംഗിനാണ് ഇതുപയോഗിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.