ഇടുക്കി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട കുടുംബങ്ങൾക്ക് മൂന്നാറിനടുത്ത് കുറ്റിയാർവാലിയിൽ പുനരധിവാസമൊരുക്കും. ദുരന്തത്തിനിരയായ 22 കുടുംബങ്ങളിൽ അവശേഷിക്കുന്ന എട്ട് കുടുംബങ്ങൾക്ക് സ്ഥലം കണ്ടെത്തി വീട് നിർമിച്ച് നൽകാനാണ് ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നത്. പ്രദേശത്ത് നിന്ന് 50 സെന്റ് സ്ഥലം സർക്കാർ ഇവർക്കായി ഏറ്റെടുക്കും. ഇതിൽ ഓരോ കുടുംബത്തിനും അഞ്ച് സെന്റ് വീതം നൽകും. വീട് നിർമിക്കാനായി എല്ലാവർക്കും കൂടി ഒരു കോടി രൂപ നൽകാമെന്ന് കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ (കെ.ഡി.എച്ച്.പി) മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും പങ്കെടുത്ത വീഡിയോ കോൺഫ്രൻസിൽ സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല കുറ്റിയാർവാലിക്കടുത്ത് എസ്റ്റേറ്റ് ഡിവിഷനിലേക്ക് ഇവരുടെ ജോലി മാറ്റി നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ എച്ച്. ദിനേഷൻ നാളെ കുറ്രിയാർവാലി സന്ദർശിച്ച ശേഷം സ്ഥലം സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. വഴിയും വെള്ളവുമെല്ലാമുള്ള മികച്ച സ്ഥലം തന്നെ കണ്ടെത്താനാണ് സർക്കാർ നിർദേശം. മൂന്ന് മാസത്തിനകം വീടിന്റെ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.
ആഗസ്റ്റ് ആറിന് രാത്രി 10.45നാണ് രാജമല പെട്ടിമുടിയിലെ നാലുവരി ലയങ്ങളെ ഉരുൾവിഴുങ്ങിയത്. 82 പേരകപ്പെട്ട ദുരന്തത്തിൽ ഇതുവരെ 66 പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. 12 പേരെ രക്ഷപ്പെടുത്തി. ഇനി നാല് പേരെ കൂടി കണ്ടെത്താനുണ്ട്.
'ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഏറ്റവും മികച്ച സ്ഥലം തന്നെ കണ്ടെത്തി നൽകാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഇതനുസരിച്ച് നാളെ കുറ്റിയാർവാലി സന്ദർശിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തും."
- എച്ച്. ദിനേശൻ (ജില്ലാ കളക്ടർ)
' ദുരിതബാധിതരെ കുറ്റിയാർവാലിയിൽ പുനരധിവസിപ്പിക്കുന്നതിനെപറ്റി തന്നെ ആരും അറിയിച്ചിട്ടില്ല. എല്ലാവരെയും പുനരധിവസിപ്പിക്കാൻ അവിടെ സ്ഥലമുണ്ടാകില്ല. സർക്കാരല്ല, കമ്പനിയാണ് വീടിനായി സ്ഥലം കണ്ടെത്തേണ്ടത്. ദുരന്തത്തിലകപ്പെട്ടവർ എട്ട് കുടുംബങ്ങൾ മാത്രമല്ല. ബാക്കിയുള്ളവരെ ഒഴിവാക്കുന്നത് നീതികേടാണ്."
-എസ്. രാജേന്ദ്രൻ എം.എൽ.എ