arogyasami
കാട്ടാനക്കൂട്ടം തകർത്ത വീടിന് മുന്നിൽ ആരോഗ്യസാമി

മൂന്നാർ: അർദ്ധരാത്രിയുണ്ടായ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിർദ്ധന കുടുംബത്തിന്റെ വീട് തകർന്നു. കുടുംബാംഗങ്ങൾ രാത്രി പാറപ്പുറത്ത് ഓടിക്കയറിയത് കൊണ്ടാണ് ആനകളുടെ മുന്നിലകപ്പെടാതെ രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 12.30 മണിയോടെ മൂന്നാർ വയക്കടവ് സ്വദേശി ആരോഗ്യസ്വാമിയുടെ വീടാണ് കാട്ടാനക്കൂട്ടം തകർത്തത്. പുരയിടത്തിലെത്തിയ നാല് ആനകൾ വീട് തകർക്കുകയായിരുന്നു. ഈ സമയം വീടിനുള്ളിൽ ഉണ്ടായിരുന്ന ആരോഗ്യസ്വാമിയും മകനും പേരക്കുട്ടിയും സമീപത്തെ പാറയ്ക്ക് മുകളിൽ കയറിയാണ് രക്ഷപ്പെട്ടത്. ശക്തമായ മഴയിലും രണ്ട് മണിക്കൂറോളം പാറപ്പുറത്ത് കഴിഞ്ഞ് കൂടിയ ഇവർ ആനകൾ പോയതിന് ‌ശേഷമാണ് പുറത്തിറങ്ങിയത്. വീട് പൂർണമായും ആനകൾ തകർത്ത സാഹചര്യത്തിൽ പുനർനിർമാണത്തിനായി സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് ഈ നിർദ്ധന കുടുംബത്തിന്റെ ആവശ്യം.