കുടയത്തൂർ : കുടയത്തൂർ പഞ്ചായത്തിലുള്ള പലചരക്ക്, പഴം , പച്ചക്കറി കടകളിലും ഹോട്ടലുകളിലും യാതൊരു മാനദണ്ഡവും പാലിക്കാതെ നിത്യോപയോഗ സാധനങ്ങൾക്കും ഭക്ഷണ പധാർത്ഥങ്ങൾക്കും തോന്നുന്ന വില ഈടാക്കുന്നതായി പരാതി. കടകളിലെല്ലാം ഒരെ സാധനങ്ങൾക്ക് പല വിലയാണ് വ്യാപാരികൾ ഈടാക്കുന്നത്. കൊവിഡ് 19 മഹാമാരിയുടെ പ്രതിസന്ധിയിൽ ജോലിയും വരുമാനവുമില്ലാതെ ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങളെയാണ് അമിത വില ഈടാക്കി പിഴിയുന്നത്. സാധനങ്ങളുടെ വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്ന് നിയമം ഉണ്ടെങ്കിലും ഒരു കടയിലും ഹോട്ടലിലും വിലവിവര പട്ടിക ഇല്ല. ഇത് ശ്രദ്ധിക്കേണ്ട പഞ്ചായത്ത് അധികൃതരോ സർക്കാരിന്റെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല. കച്ചവടക്കാരും ഹോട്ടലുകളും ഈ അവസ്ഥ മുതലെടുത്തുകൊണ്ട് തോന്നുംപടി വില ഈടാക്കുന്നു. ഹോട്ടലുകളിൽ യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഭക്ഷണപദാർത്ഥങ്ങൾക്ക് വില ഈടാക്കുന്നത്. അതിനാൽ കടകളും ഹോട്ടലുകളും അമിത വില ഈടാക്കുന്ന നടപടി അവസാനിപ്പിച്ച് വില നിയന്ത്രിച്ച് വിലവിവര പട്ടിക പ്രദർശിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.