തൊടുപുഴ: മികച്ച ബൈപാസ് റോഡുകളുള്ള നഗരമായിരുന്ന തൊടുപുഴ ഇന്ന് വാഹനയാത്രികരുടെ പേടിസ്വപ്നമായ വാരിക്കുഴികൾ നിറഞ്ഞ 'നരകമായി" മാറി. തൊടുപുഴ- പാലാ റോഡ്, കാഞ്ഞിരമറ്റം ബൈപ്പാസ്, മങ്ങാട്ടുകവല ബൈപ്പാസ്, കോതായിക്കുന്ന് റോഡ് തുടങ്ങി നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകർന്ന് തരിപ്പണമായിട്ട് നാളുകളായി. നഗരമദ്ധ്യത്തിലെ ഗാന്ധിസ്ക്വയറിലെ റോഡും പോലും നിറയെ ഗട്ടറാണ്. വർഷങ്ങളായി ഈ റോഡുകൾ ടാർ ചെയ്യുകയോ അറ്റകുറ്റ പണി നടത്തുകയോ ചെയ്തിട്ടെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. മഴ ശക്തമായതോടെ ഈ കുഴികളിൽ വെള്ളം നിറഞ്ഞ് റോഡേതാ കുഴിയേതാ എന്ന് അറിയാത്ത അവസ്ഥയിൽ എത്തിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ ഈ വാരികുഴിയിൽച്ചാടി യാത്രികർ വീണ് പരിക്കേൽക്കുന്നത് ഇപ്പോൾ നഗരത്തിലെ പതിവു കാഴ്ചയാണ്. തൊടുപുഴയിലാദ്യമായി എത്തുന്ന ബൈക്ക് യാത്രികനാണെങ്കിൽ അപകടം ഉറപ്പാണ്. റോഡിനെക്കുറിച്ച് നല്ല പോലെ അറിയാവുന്നവർ പോലും വളരെ കഷ്ടപ്പെട്ടാണ് കുഴിയിൽ വീഴാതെ വാഹനമോടിച്ച് വീട്ടിലെത്തുന്നത്. രാത്രിയിൽ മഴ കൂടിയുണ്ടെങ്കിൽ നഗരത്തിലൂടെയുള്ള യാത്ര വളരെയേറെ അപകടം പിടിച്ചതാണ്. പൊതുമരാമത്ത് വകുപ്പോ നഗരസഭയോ ഇതൊന്നും കണ്ടമട്ട് വയ്ക്കുന്നില്ല. ഇ തിനിടെ ചില ഭാഗത്ത് കുഴികൾ അടയ്ക്കാനെന്ന വ്യാജേന അധികൃതർ മെറ്റലും മറ്റും കൊണ്ടിട്ട് ചില പൊടിക്കൈകൾ നടത്തുന്നുണ്ടെങ്കിലും അതെല്ലാം വെള്ളത്തിൽ വരച്ച വരപോലെയായി മാറുകയാണ്. കൊവിഡും ലോക്ക്ഡൗണും കാരണമാണ് അറ്റകുറ്റപണികൾ ചെയ്യാനാകാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.