ചെറതോണി: നിയമസഭയിൽ ഒരു മണ്ഡലത്തിൽ തന്നെ അരനൂറ്റാണ്ടു പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് അദ്ദേഹത്തിന്റെ പേര് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള കഞ്ഞിക്കുഴി മഴുവടി ഉമ്മൻചാണ്ടി ട്രൈബൽ കോളനിയിൽ ആഘോഷപരിപാടികളുടെ ഭാഗമായി സ്‌നേഹസംഗമം ഒരുക്കുന്നു. ഉമ്മൻ ചാണ്ടി യൂത്ത് കോൺഗ്രസ് നേതാവായിരുന്ന കാലത്ത് ഏറെ അടുപ്പം പുലർത്തിയിരുന്ന കരിമ്പൻ ജോസാണ് കോളനിക്ക് ഈ പേരു നല്കിയത്. അന്നും തുടർന്നും കോളനിയുടെയും ആദിവാസി കുടുംബങ്ങളുടെയും സമഗ്രമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ മുഖ്യമന്ത്രി ആയിരുന്നപ്പോഴും അല്ലാത്ത അവസരങ്ങളിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. നിരവധി തവണ കോളനി സന്ദർശിക്കുകയും കോളനി നിവാസികളുടെ കടം എഴുതി തള്ളൽ, ഭൂമി ഇല്ലാത്തവർക്ക് ഭൂമിയും വീടും നൽകുന്നതുൾപ്പെടെ ഒട്ടനവധി വികസന പ്രവർന്നനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.. സുവർണ്ണജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ഉമ്മൻചാണ്ടി കോളനിയിൽ പായസ വിതരണവും കേക്കുമുറിക്കൽ ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളാണ് ഡി.സി.സി. ഒരുക്കിയിട്ടുള്ളത്. തത്സമയം വീഡിയോ കോൺഫറൻസിലൂടെ ഉമ്മൻചാണ്ടി കോളനി നിവാസികളോടു സംസാരിക്കും. ആദിവാസി രാജാവ് രാമൻ രാജമന്നാനും ഊരുമൂപ്പൻ സുകുമാരൻ കുന്നും പുറത്തിനും സുവർണ്ണജൂബിലി ഉപഹാരങ്ങൾ സമർപ്പിക്കും.