ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വീഡിയോ കോൺഫറൻസിലൂടെ പരിശോധന നടത്തി. മെഡിക്കൽ കോളജിൽ അടുത്ത അദ്ധ്യയയന വർഷംമുതൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാനുമോയെന്ന് അറിയാനാണ് മെഡിക്കൽ കൗൺസിലിന്റെ പരിശോധന.
മെഡിക്കൽ കൗൺസിലിന്റെ ഉന്നത ഉദ്യോഗസ്ഥർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എം.എച്ച് അബ്ദുൾ റഷീദുമായി വീഡിയോ കോൺഫറൻസിലൂടെയാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. മെഡിക്കൽ കോളജിന്റെ ഭൗതിക സാഹചര്യങ്ങളുടെ നിലവിലുള്ള അവസ്ഥയും പ്രവർത്തനങ്ങളും വ്യക്തമാക്കാനുള്ള നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ടാണ് പ്രിൻസിപ്പലിനോട് നിർദേശിച്ചിരിക്കുന്നത്. അടുത്ത ദിവസംതന്നെ റിപ്പോർട്ടിലാവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ മെഡിക്കൽ കൗൺസിലിന് കൈമാറുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

മെഡിക്കൽ കോളജിൽ അക്കാഡമിക് ബ്ലോക്ക് നേരത്തെതന്നെ പൂർത്തിയാക്കിയിരുന്നു. ഇത് നിലവിൽ കൊവിഡ് രോഗികൾക്കുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി പ്രവർത്തിക്കുകയാണ്. മെഡിക്കൽ കോളജ് ആശുപത്രിയുടെ ഒ പി വിഭാഗം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കിടത്തി ചികിത്സക്കുള്ള ക്രമീകരണങ്ങളും പൂർത്തിയായിവരികയാണ്. ഇനിയും പൂർത്തീകരിക്കേണ്ടതുള്ളത് വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലും ഡോക്‌ടേഴ്‌ ക്വാർട്ടേഴ്‌സുകളുമാണ്. ഇവയുടെ നിർമ്മാണം പുരോഗമിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. കൊവിഡ് ശമിക്കുന്നതോടെ മെഡിക്കൽ കോളജാശുപത്രിയുടെ പ്രവർത്തനങ്ങൾ പൂർണമായ രീതിയിൽ ആരംഭിക്കാനാവുമെന്നും അധികൃതർ പറഞ്ഞു. മെഡിക്കൽ കൗൺസിലിന് ഇടുക്കി മെഡിക്കൽകോളജിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ സംതൃപ്തിയുള്ളതായും ഇവർ വ്യക്തമാക്കി.