തൊടുപുഴ: സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഓൺലൈൻ ക്ലാസുകളെയും ഫീസിനെയുംകുറിച്ച് വ്യാജപ്രചരണങ്ങൾ നടത്തുന്നത് ഖേദകരമാണെന്ന് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾ കേരള. സംസ്ഥാനത്തെ എല്ലാ സി.ബി.എസ്.ഇ സ്‌കൂളുകളിലും ജൂൺ മുതൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഓൺലൈൻ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുകയാണ്. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവുപ്രകാരം മുൻവർഷത്തെ ഫീസുതന്നെ വിദ്യാർത്ഥികളിൽ നിന്ന് വാങ്ങാം. എന്നാൽ ഭൂരിപക്ഷം സ്‌കൂളുകളും ഫീസിൽ ഇളവും ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്. എന്നിട്ടും അൻപത് ശതമാനം സ്‌കൂളുകളിൽ പോലും ഫീസ് കിട്ടുന്നില്ല. ഫീസിന്റെ സഹായത്തോടെ മാത്രം പ്രവർത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളിൽ ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും മാസവേതനം നൽകാനും മാനേജ്‌മെന്റുകൾ ബുദ്ധിമുട്ടുകയാണ്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം ഫീസടക്കാൻ ബുദ്ധിമുട്ടുള്ള രക്ഷിതാക്കളോട് എപ്പോൾ ഫീസടയ്ക്കാൻ കഴിയുമെന്ന് രേഖാമൂലം എഴുതി നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. കോടതി ഉത്തരവിന്റെ ഒരു വരി മാത്രം പരാമർശിച്ചു രക്ഷിതാക്കളെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുകയും ഒറ്റപ്പെട്ട സംഭവങ്ങളുടെ വെളിച്ചത്തിൽ സി.ബി.എസ്.ഇ മേഖലയെ ഒന്നടങ്കം ആക്ഷേപിക്കുകയും ചെയ്യുന്നത് ഖേദകരമാണെന്ന് യോഗം വിലയിരുത്തി. നാഷണൽ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് ഇ. രാമൻകുട്ടി, ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത്, സംസ്ഥാന ജില്ലാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.