പീരുമേട്: സംസ്ഥാനത്ത് മലയോര തീരദേശ ഹൈവേകളുടെ നിർമ്മാണത്തിനായി പതിനായിരം കോടി രൂപയാണ് ചിലവഴിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പീരുമേട് ദേവികുളം മലയോര ഹൈവേയുടെ ഭാഗമായി കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള നിർമാണോദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പീരുമേട് മുതൽ ദേവികുളം വരെ രണ്ട് ഘട്ടമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.18 മാസങ്ങൾക്കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ ചപ്പാത്ത് മുതൽ കട്ടപ്പന വരെ 21 കിലോമീറ്റർ നിർമ്മാണത്തിനുള്ള 84 കോടി 53 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. ഹൈവേ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ തേക്കടി, വാഗമൺ, രാമക്കൽമേട്, മൂന്നാർ എന്നിവിടങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാവും. കാർഷിക മേഖലയിലും വലിയ മുന്നേറ്റം നൽകും. കൂടാതെ തമിഴ്‌നാട്ടിൽ നിന്നും ഇടുക്കിയുടെ മറ്റ് മേഖലകളിൽ നിന്നുമുള്ള ശബരിമല തീർത്ഥാടകർക്കും ഹൈവേ ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ തുടർച്ചയായി കിഫ്ബിയിൽ ഉൾപ്പെടുത്തി 73 കോടി 20 ലക്ഷം രൂപാ ചിലവിൽ വണ്ണപ്പുറം രാമക്കൽമേട് റോഡ്, 153 കോടി രൂപാ ചിലവിൽ ഉടുമ്പൻചോല രണ്ടാംമൈൽ റോഡ് എന്നീ പാതകളും പൂർത്തീകരിക്കുന്നതോടെ ഗതാഗത സൗകര്യങ്ങൾ വർദ്ധിക്കുക എന്നതിന് പുറമേ നാടിന്റെ വികസന ഗതി തന്നെ മാറും.
. പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. പുളിയൻ മല മയിലാടുംപാറ എല്ലക്കൽ എന്നിങ്ങനെ ജില്ലയുടെ മദ്ധ്യത്തിലൂടെ കടന്നുപോകുന്ന ഹൈവേ ജില്ലയിലെല്ലായിടത്തും വികസനമെത്തിക്കുമെന്ന് മുഖ്യ പ്രഭാഷണത്തിൽ മന്ത്രി എം.എം.മണി അഭിപ്രായപ്പെട്ടു. കുട്ടിക്കാനം മരിയൻ കോളേജിൽ നടത്തിയ ജില്ലാ ഉദ്ഘാടനയോഗത്തിൽ മുഖ്യമന്ത്രിയ്ക്കു വേണ്ടി ഇ.എസ്.ബിജമോൾ എം.എൽ.എ ശിലാഫലകം അനാവരണം ചെയ്തു.
കെ.ആർ.എഫ്.ബി. പ്രോജ്രക്ട് ഡയറക്ടർ എൽ. ബീന. റിപ്പോർട്ട് അവതരിപ്പിച്ചു. വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ വാഴൂർ സോമൻ, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.എസ്. രാജൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആ ലിസ് സണ്ണി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സിറിയക്ക് തോമസ് , ഹെലിബറിയ റ്റീ പ്ലാന്റേഷൻ എംഡി അശോക് ദർഗ്ഗാർ എന്നിവർ പ്രസംഗിച്ചു. എക്‌സിക്യൂട്ടീവ് എൻജിനീയർ വി.പി.ജാഫർ ഖാൻ നന്ദി പറഞ്ഞു.