തൊടുപുഴ: രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് രോഗികൾക്ക് വീടുകളിൽ ഐസൊലേഷനിൽ കഴിയാൻ ജില്ലാ കളക്ടർ അനുമതി നൽകി. തൊടുപുഴ ജില്ലാ ആശുപത്രി, ഇടുക്കി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഇതിന്റെ ഭാഗമായി ഇ- സഞ്ജീവനിയിലൂടെ ടെലിമെഡിസിൻ സംവിധാനം ആരംഭിക്കും. രോഗിക്കും വീട്ടിലെ അംഗങ്ങൾക്കും മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും രോഗി താമസിക്കുന്ന മുറിയോടു ചേർന്ന് ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടെന്നും പരിശോധിച്ച് ഉറപ്പാക്കിയശേഷമായിരിക്കും ഹോം ഐസൊലേഷൻ അനുവദിക്കുക. ആരോഗ്യ വകുപ്പിനും തദ്ദേശഭരണ സ്ഥാപനത്തിനുമാണ് പരിശോധനയുടെ ചുമതല. വീടുകളിൽ കഴിയുന്ന രോഗികളെ എല്ലാ ദിവസവും ഫോണിൽ ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി വിലയിരുത്തും. എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കും. പ്രായമായവരെയും ഗർഭിണികളെയും മൂന്ന് മാസംവരെ പ്രായമായ കുഞ്ഞുങ്ങളുടെ അമ്മമാരെയും മറ്റു രോഗികളെയും വീട്ടിൽ താമസിക്കാൻ അനുവദിക്കില്ല. അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് എത്താൻ മതിയായ റോഡ് സൗകര്യങ്ങൾ ഇല്ലാത്ത മേഖലകളിൽ താമസിക്കുന്നവരെയും വീട്ടിൽ കഴിയാൻ അനുവദിക്കില്ല.
മാനദണ്ഡങ്ങൾ
രോഗിയുടെ പൂർണ സമ്മതമുണ്ടാകണം
രോഗലക്ഷണങ്ങൾ ഉണ്ടാകരുത്
ആവശ്യമായ സൗകര്യം വീട്ടിലുണ്ടെന്ന് മെഡിക്കൽ ആഫീസർ സാക്ഷ്യപ്പെടുത്തണം
12 വയസിൽ താഴെയുള്ളവരാണെങ്കിൽ മാതാപിതാക്കളെയോ രക്ഷാകർത്താവിനെയോ മുറിയിൽ അനുവദിക്കും
പ്രായമായവരെയും മറ്റസുഖങ്ങൾ ഉള്ളവരേയും കുട്ടികളെയും മാറ്റിതാമസിപ്പിക്കണം.
രോഗിയെ സഹായിക്കാൻ മുതിർന്ന ആരോഗ്യവാനായ വ്യക്തിയുണ്ടാകണം
പൾസ്ഓക്‌സി മീറ്റർ വാങ്ങിച്ച് നിശ്ചിത ഇടവേളകളിൽ രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിച്ച് അറിയിക്കണം
രോഗലക്ഷണം പ്രകടമായാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം
വീട്ടിൽ സന്ദർശകരുണ്ടാകരുത്