തൊടുപുഴ: ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെ ജില്ലയിൽ മഴ കനത്തു. രണ്ടാഴ്ചയായി തുടരുന്ന മഴ ഇന്നലെ മുതൽ ശക്തമാവുകയായിരുന്നു. ഇന്നലെ ശരാശരി 21.3 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്. പീരുമേടാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്- 23 മില്ലിമീറ്റർ. വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. 20ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമാകുമെന്നാണ് കരുതുന്നത്. 21വരെ ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണക്കനുസരിച്ച് ഈ സീസണിൽ ഇതുവരെ ജില്ലയിൽ ലഭിക്കേണ്ട മഴയേക്കാൾ 12 ശതമാനം കുറവാണ് പെയ്തത്. ഇതുപോലെ മഴ തുടർന്നാൽ വരുംദിവസങ്ങളിൽ ഈ കുറവ് പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്.

മഴയുടെ അളവ്

പീരുമേട്​- 23 മില്ലിമീറ്രർ

തൊടുപുഴ- 4.5

ദേവികുളം- 7.5

ഉ​ടുമ്പഞ്ചോല- 3.8

ഇടുക്കി- 9.8

ശരാശരി- 21.3

ഡാമുകൾ നിറയുന്നു

മഴ കനത്തതോടെ ഡാമുകളിലെ ജലനിരപ്പും ഉയരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2378.5 അടിയായി. സമുദ്രനിരപ്പിൽ നിന്നുള്ള കണക്കാണിത്. സംഭരണശേഷിയുടെ 72 ശതമാനമാണിത്. ഏഴരയടി കൂടിയുയർന്നാൽ ബ്ലൂ അലേർട്ട് പ്രഖ്യാപിക്കും. 2393 അടിയിലെത്തിയാൽ റെഡ് അലേർട്ട് നൽകി ഡാം തുറക്കുന്ന നടപടികൾ ആരംഭിക്കും. 2403 അടിയാണ് പരമാവധി സംഭരണശേഷി. 2374 അടിയായിരുന്ന ജലനിരപ്പ് ഏഴ് ദിവസത്തിനകമാണ് നാലടിയുയർന്നത്. അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 126.1 അടിയായി ഉയർന്നു.