തൊടുപുഴ: കനത്ത മഴയെ തുടർന്ന് തൊടുപുഴ നഗരത്തിലെ പലയിടങ്ങളിലും ഇന്നലെ വെള്ളക്കെട്ടുണ്ടായി. ഇന്നലെ രാവിലെ മുതൽ പെയ്ത കനത്തെ മഴയിലാണ് നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത്. തൊടുപുഴയാറിൽ ജലനിരപ്പുയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ അരമണിക്കൂറിലേറെ നേരം പെയ്ത കനത്ത മഴയിൽ മങ്ങാട്ടുകവല- കാരിക്കോട് റോഡിൽ വെള്ളമുയർന്നതിനെ തുടർന്ന് ഇതു വഴിയുള്ള വാഹന ഗതാഗതവും തടസപ്പെട്ടു. പ്രദേശത്തെ ഓടകൾ അടഞ്ഞതാണ് വെള്ളക്കെട്ടുണ്ടാകാൻ കാരണം. തൊടുപുഴ ടൗൺ ഹാൾ പരിസരത്തും വെള്ളക്കെട്ട് യാത്രക്കാർക്കടക്കം ദുരിതം വിതച്ചു.