മുട്ടം: ടൗണിൽ എസ് ബി ടി യുടെ സമീപം പ്രവർത്തിക്കുന്ന ഓട്ടോ റിക്ഷ സ്റ്റാൻഡിന്റെ പ്രവർത്തനത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. എസ് ബി ഐ ക്ക് സമീപത്തുള്ള ഏതാനും ചില വ്യാപാര സ്ഥാപന ഉടമകൾ ചേർന്ന് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. വ്യാപാരികൾ നൽകിയ ഹർജിയെ തുടർന്ന് പരാതിക്കാരെയും ഓട്ടോ റിക്ഷ തൊഴിലാളികളെയും വിളിച്ച് പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കാൻ ഹൈക്കോടതി മുട്ടം പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് ഓട്ടോ റിക്ഷ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരുമായി വിവിധ തലങ്ങളിൽ അധികൃതർ ചർച്ച നടത്തി. ഇതിന്റെ ഭാഗമായി ഇന്നലെ പഞ്ചായത്ത് ഗതാഗത ഉപദേശക സമിതി യോഗം ചേർന്നു. എസ് ബി ഐ എ ടി എം, ഇതിനോട് ചേർന്നുള്ള പൂക്കട എന്നിവക്ക് മുന്നിൽ ഓരോ ഓട്ടോറിക്ഷകളും ഫൈനാൻസ് സ്ഥാപനത്തിന്റെ മുന്നിൽ മൂന്ന്, സൂപ്പർ മാർക്കറ്റിന്റെ സമീപം വൈദ്യുതി പോസ്റ്റിന് മുന്നിൽ ഒന്ന് എന്നിങ്ങനെ 6 ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാനും ബാക്കിയുള്ള ഓട്ടോറിക്ഷകൾ മുത്തൂറ്റ് ബാങ്കിന്റെ പരസ്യ ബോർഡിനടുത്തുള്ള വൈദ്യുതി പോസ്റ്റുവരെ പാർക്ക് ചെയ്യാനും ഓട്ടോറിക്ഷകൾ സ്റ്റാൻഡിൽ നിന്ന് ഓട്ടം പോകുന്നതനുസരിച്ച് മറ്റ് ഓട്ടോറിക്ഷകൾ മുന്നിലേക്ക് വരാനും ഗതാഗത ഉപദേശക സമിതിയിൽ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊടുപുഴ ജോയിന്റ് ആർ ടി ഒ പി എ നസിർ, മുട്ടം എസ് ഐ പി എസ് ഷാജഹാൻ, വില്ലേജ് ഓഫീസർ എൻ ബിജി, പഞ്ചായത്ത് സെക്രട്ടറി ലൂജി എം നായർ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി എസ് രാധാകൃഷ്ണൻ, വ്യാപാരി വി ബി രാജൻ, ഓട്ടോറിക്ഷ സംഘടന നേതാക്കളായ പി എം സുബൈർ, രഘു, സി എസ് ഷംസ്, പി എം ജോസഫ് എന്നിവർ പങ്കെടുത്തു.