തൊടുപുഴ: ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കുന്ന നിയമനിർമാണ സഭയിലെത്തിയതിന്റെ അമ്പതാം വർഷം ആഘോഷമാക്കി പി.ജെ. ജോസഫ്. നാട്ടുകാരും നേതാക്കളും പാർട്ടി പ്രവർത്തകരുമടക്കം നിരവധി പേരാണ് ഇന്നലെ തങ്ങളുടെ പ്രിയങ്കരനായ ഔസേപ്പച്ചനെ അനുമോദിക്കാൻ എത്തിയത്. പാർട്ടി ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ, പ്രിൻസ് ലൂക്കോസ്, മാത്യു സ്റ്റീഫൻ, ജോസി ജേക്കബ്, എം. മോനിച്ചൻ, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണിയുടെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.
തൊടുപുഴക്കാരുടെ ഔസേപ്പച്ചൻ
1970ലാണ് പുറപ്പുഴക്കാരുടെ സ്വന്തം പി.ജെ. ജോസഫ് ആദ്യമായി നിയമസഭയിലെത്തുന്നത്. അന്ന് കേരള കോൺഗ്രസ് ഒരു മുന്നണിയുടെയും ഭാഗമല്ലാതിരുന്നതിനാൽ സി.പി.എം- കോൺഗ്രസ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയായിരുന്നു അരങ്ങേറ്റം. 1977ൽ മന്ത്രിയായിരുന്ന കെ.എം. മാണി രാജി വെച്ച ഒഴിവിൽ 36-ാം വയസിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രിയായി. പിന്നീട് ഇടത്- വലത് മുന്നണികളുടെ ഭാഗമായി ഒമ്പത് തവണയായി 40 വർഷം തൊടുപുഴയ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. ഇതിനിടെ നാല് തവണ കൂടി മന്ത്രിയായി.
റവന്യു, എക്‌സൈസ്, വിദ്യാഭ്യാസം, പൊതുമരാമത്ത്, രജിസ്‌ട്രേഷൻ, ഭവന നിർമാണം, ജലവിഭവം എന്നീ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം നേടിയാണ് ഇത്തവണ എം.എൽ.എയായത്. തിരഞ്ഞെടുപ്പിൽ രണ്ട് തവണ മാത്രമാണ് ജോസഫ് പരാജയം നേരിട്ടിട്ടുള്ളത്. 1991ൽ ലോക്സഭയിലേക്കും 2001ൽ നിയമസഭയിലേക്കും മത്സരിച്ചാണ് പരാജയപ്പെട്ടത്. രാഷ്ട്രീയ തിരക്കുകൾക്കിടയിലും ഏറ്റവും മികച്ച കർഷകരിലൊരാൾ കൂടിയാണ് തൊടുപുഴയുടെ സ്വന്തം ഔസേപ്പച്ചൻ.