അഞ്ച് ജില്ലകളിൽ സ്പീഡ് പോസ്റ്റ് വിതരണം താറുമാറായി
തൊടുപുഴ: എറണാകുളം സെൻട്രൽ റീജിയണിന് കീഴിലുള്ള ജില്ലകളിൽ സ്പീഡ് പോസ്റ്റ് വിതരണം താറുമാറായിട്ട് ആഴ്ചകൾ. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊച്ചി ആർ.എം.എസ് ആഫീസ് ദിവസങ്ങളോളമായി അടച്ചിടേണ്ടി വന്നതാണ് പ്രവർത്തനം താളംതെറ്റാൻ കാരണം. ഇതോടെ ബാങ്കിടപാടുകൾക്കായുള്ള പ്രധാന രേഖകളടക്കം ലഭിക്കാൻ കാലതാമസം നേരിടുകയാണ്. ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് ബാഗുകൾ ആർ.എം.എസിൽ കെട്ടികിടക്കുകയായിരുന്നു. ഇതിനിടെ നോർത്തേൺ റീജണിൽ ഉൾപ്പെട്ട കോഴിക്കോട് ഓഫീസിൽ ഉരുപ്പടികൾ എത്തിച്ചു നൽകി സ്പീഡ് പോസ്റ്റ് വിതരണം വേഗത്തിലാക്കാൻ ശ്രമം നടത്തിയെങ്കിലും ഇത് പൂർണമായും ഫലപ്രാപ്തിയിലെത്തിക്കാൻ സാധിച്ചിരുന്നില്ല. ഇടുക്കി ജില്ലയിൽ ഉൾപ്പെടെ പല സുപ്രധാന രേഖകളും ലഭിക്കാതെ മേൽവിലാസക്കാർ വലയുന്ന അവസ്ഥയാണുള്ളത്.
തടസപ്പെട്ട് ബാങ്കിടപാടുകൾ
ബാങ്കുകളിൽ നിന്നുള്ള രേഖകളാണ് സ്പീഡ് പോസ്റ്റ് വഴി കൂടുതലായും അയയ്ക്കുന്നത്. ബാങ്ക് ചെക്ക് ബുക്കുകൾ, ഡെബിറ്റ്- ക്രെഡിറ്റ് കാർഡുകളും സ്പീഡ് പോസ്റ്റ് വഴിയാണ് നൽകുന്നത്. എന്നാൽ ആഴ്ചകളായിട്ടും വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ നിന്നുള്ള രേഖകൾ ലഭിക്കാതെ ബുദ്ധിമുട്ടുകയായിരുന്നു ജനങ്ങൾ. ബാങ്കിന്റെ നിയമമനുസരിച്ച് പോസ്റ്റ് വഴി മാത്രമാണ് ഇത്തരം രേഖകൾ അയക്കാനാകൂ. വിതരണക്കാരന് ബാങ്കിൽ നിന്ന് നേരിട്ട് വാങ്ങാൻ കഴിയില്ല. ചെക്ക് ലീഫുകളും മറ്റും അടിയന്തരമായി വേണ്ട അത്യാവശ്യക്കാരാണ് ഇതോടെ വലഞ്ഞത്.
സ്പീഡിൽ നേരെയാക്കും
കൂടുതൽ ജീവനക്കാരെ നിയോഗിച്ച് രാത്രിയും പകലും ശ്രമിച്ച് മെയിൽബാഗുകളുടെ നീക്കം വേഗത്തിലാക്കാനാണ് പോസ്റ്റൽ അധികൃതർ ശ്രമിക്കുന്നത്. ഇതിന്റെ ഫലമായി പോസ്റ്റ് ഓഫീസുകളിലേക്ക് കൂടുതൽ ഉരുപ്പടികൾ എത്തിത്തുടങ്ങിയെങ്കിലും മെയിൽ വിതരണം സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നാണ് സൂചന. ഇതിനിടെ കൊവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തിരിച്ചറിയൽ രേഖകൾ ഹാജരാക്കുന്നവർക്ക് ബാങ്ക് രേഖകൾ നേരിട്ട് നൽകാനുള്ള ക്രമീകരണം ബാങ്ക് അധികൃതർ ഏർപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
സ്പീഡ് പോസ്റ്റ് അയച്ചാൽ ഇന്ത്യയിലെവിടെയും 48 മണിക്കൂറിനകം ലഭിക്കണം
പ്രശ്നത്തിലായത് എറണാകുളം സെൻട്രൽ റീജിയണിനു കീഴിൽ വരുന്ന ഇടുക്കി, തൃശൂർ, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകൾ
അഞ്ചു ജില്ലകളിൽ നിന്നായി നാലായിരത്തോളം ബാഗുകൾ വീതം കൊച്ചി ആർ.എം.എസ് വഴി വരികയും പോകുകയും ചെയ്യുന്നു