തൊടുപുഴ :കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ റെഗുലർ ക്ലാസ്സ് തുടങ്ങുന്നത് വരെ സ്വകാര്യ സ്‌കൂളുകൾ മറ്റ് സ്‌പെഷ്യൽ ഫീസുകൾ ഒഴിവാക്കി ടേം ഫീസിൽ ഇളവ് വരുത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യക്കോസ് എം. പി. മുഖ്യമന്ത്രിക്ക് കത്ത് നൽകി.കൊവിഡ് മൂലം കേരളത്തിലെ മഹാഭൂരിപക്ഷം സ്വകാര്യ സ്ഥാപനങ്ങളിലെയും തൊഴിലാളികൾ ജോലി നഷ്ടപ്പെടലും തൊഴിൽ ഇല്ലായ്മയും മൂലം സാമ്പത്തീക ബുദ്ധിമുട്ട് നേരിടുകയും കേരളത്തിലെ സർക്കാർഅർദ്ധ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഉൾപ്പെടെയുള്ളവർ അവരുടെ വരുമാനത്തിന്റെ നിശ്ചിത പങ്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിന് നൽകുകയും ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യമാണിത്. റെഗുലർ ക്ലാസ്സ് ഇല്ലാത്ത സാഹചര്യത്തിൽ നാമമാത്രമായി ഓൺലൈൻ ക്ലാസുകളിലേക്കു പഠനം ചുരുങ്ങുകയും ചെയ്യുബോൾ സ്വകാര്യ സ്‌കൂളുകൾക്ക് ഫീസിൽ ഇളവ് നൽകാൻ സാധിക്കും. ഭൂരിപക്ഷം സ്‌കൂളുകളും മാതാപിതാക്കളുടെ ബുദ്ധിമുട്ട് മനസിലാക്കി റെഗുലർ ക്ലാസ്സ് തുടങ്ങുന്നത് വരെ മറ്റുള്ള ഫീസുകൾ ഒഴിവാക്കി ടേം ഫീസിൽ നിശ്ചിത ശതമാനം ഇളവ് നൽകാൻ തയ്യാറായിട്ടുണ്ട്. എന്നാൽ ചില സ്വകാര്യ സ്‌കൂളുകൾ ഇപ്പോഴും ഫീസിൽ ഇളവ് നൽകാൻ തയ്യാറായിട്ടില്ല. വിവിധ കോണുകളിൽ മാതാപിതാകളുടെ ഭാഗത്തുനിന്നും ലഭിച്ചു വരുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് എം.പി. കത്ത് നൽകിയത്.