തൊടുപുഴ: ഇന്ത്യയിൽ നിന്നുള്ള ഏലക്കയുടെ ഇറക്കുമതി സൗദി അറേബ്യ നിരോധിച്ചിട്ടില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചതായി ഡീൻ കുര്യാക്കോസ് എം.പി വ്യക്തമാക്കി. എം.പി.യുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദവാണിജ്യ വ്യാവസായ മന്ത്രി പാർലമെന്റിൽ ഇക്കാര്യം അറിയിച്ചത്. ഏലയ്ക്കായിൽ കീടനാശിനകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് സൗദി ഫുഡ് ആന്റ് ഡ്രഗ്ഗ് അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയിരുന്നു. എം.പി. ഈ വിഷയം നേരത്തെ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെത്തുടർന്ന് കേന്ദ്രസർക്കാർ സൗദി സർക്കാരിനെ ബന്ധപ്പെടുകയും തുടർന്ന് സ്റ്റാൻഡേർഡ് ചെക്കിങ് പ്രോട്ടോകോളിൽ മാറ്റം വരുത്താൻ സൗദി തയാറാവുകയും ചെയ്തു. പുതുക്കിയ മാനദണ്ഡം അനുസരിച്ചു ഗുണനിലവാരം ഉറപ്പുവരുത്താൻ സ്‌പൈസസ് ബോർഡിനെ ചുമതലപ്പെടിത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കർഷകർക്ക് ആവശ്യമായ അവബോധം സ്‌പൈസസ് ബോർഡ് നടത്തിവരുന്നു. 2017 -18 സാമ്പത്തിക വർഷത്തിൽ 10.96 ലക്ഷം മെട്രിക് ടെൻ ആയിരുന്ന കയറ്റുമതി 2019 -20 ആയപ്പോഴേക്കും 11.93 ലക്ഷമായി ഉയർന്നതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സഭയെ അറിയിച്ചതായി എം.പി. പറഞ്ഞു.