തൊടുപുഴ: ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് ഓൺ ലൈൻ സംവിധാനത്തിൽ നടത്തി. തൊടുപുഴ താലൂക്കിലെ അപേക്ഷകരുടെ പരാതികളാണ് തീർപ്പാക്കിയത്.അപേക്ഷകർ അതാത് വില്ലേജ് ഓഫീസുകളിൽ ഹാജരായി വീഡിയോ കോൺഫറൻസ് വഴിയാണ് ജില്ലാ കളക്ടർ എച്ച്.ദിനേശനുമായി സംവദിച്ചത്. അതിനായി എല്ലാ വില്ലേജ് ഓഫീസുകളിലും വീഡിയോ കോൺഫറൻസിംഗ് സൗകര്യം ഒരുക്കിയിരുന്നു. ഗൂഗിൾ മീറ്റ് ലിങ്ക് വഴിയാണ് ഇത് സാദ്ധ്യമാക്കിയത്. കൂടാതെ തഹസീൽദാർമാരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. 25 പരാതികൾ വന്നതിൽ 18 പരാതികൾ പരിഹരിച്ചു. റവന്യൂ വിഭാഗത്തിൽ ആകെ 21 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 14 എണ്ണം കരിമണ്ണൂർ ലാൻഡ് അസൈൻമെന്റ് ഓഫീസിന് കീഴിലെ വണ്ണപ്പുറം വില്ലേജിൽ താമസിക്കുന്നവരുടെ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുള്ളതാണ്. ബാക്കിയുള്ള ഏഴ് അപേക്ഷകൾ എം.വി.ഐ.പി. ഭൂമി കയ്യേറിയത്, അതിർത്തി തർക്കം, റീസർവ്വേയിൽ സ്ഥലം കുറഞ്ഞത് സംബന്ധിച്ച് എന്നിങ്ങനെയുള്ളവയാണ്. ഇതിൽ 15 ദിവസത്തിനകം നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കളക്ടർ ചുമതലപ്പെടുത്തി.