തൊടുപുഴ: കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനെ തുടർന്ന് തൊടുപുഴ താലൂക്കിലെ രണ്ടാമത്തെ സി.എഫ്.എൽ.റ്റി.സി. (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റമെന്റ് സെന്റർ) മുട്ടത്ത് തിങ്കളാഴ്ച്ച പ്രവർത്തനം ആരംഭിക്കും. മുട്ടത്ത് കോടതി സമുച്ചയത്തിന് സമീപത്തുള്ള കേരളാ ഹൗസിങ് ബോർഡിന്റെ ഉടമസ്ഥതയിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലാണ് ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്. 200 കിടക്കകൾ ഇവിടെ നിലവിൽ തയ്യാറാക്കിയിട്ടുണ്ട്. രണ്ടും മൂന്നും ആളുകൾക്ക് ഒരുമിച്ച് താമസിക്കാവുന്ന എഴുപതിലധികം മുറികളാണ് ഇവിടെയുള്ളത്. മുട്ടം ഗ്രാമപഞ്ചായത്തിനാണ് സി.എഫ്.എൽ.റ്റി.സി. യുടെ പൂർണ്ണ നടത്തിപ്പ് ചുമതല. ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് തയ്യാറാക്കുക. ഇവിടേക്ക് ഇതിനോടകം തന്നെ 25 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്.ഒരു സമയം ഡോക്ടർമാർ, നഴ്സുമാർ, വോളന്റിയർമാർ എന്നിവരുൾപ്പെടെ അഞ്ച് പേർ ഡ്യൂട്ടിയിലുണ്ടാവും. അലോപ്പതി, ആയുർവേദം, ഹോമിയോ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. മുട്ടത്തെ സി.എഫ്.എൽ.ടി.സി യുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിളിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ: കെ.സി. ചാക്കോ, മുട്ടം എസ്. ഐ. പിഎസ്. ഷാജഹാൻ, പഞ്ചായത്ത് സെക്രട്ടറി ലൂജി.എം.നായർ, വില്ലേജ് ഓഫീസർ എൻ.സിജി, ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഡോ. രജിത്ത് കെ.ആർ. ആണ് മുട്ടം സി.എഫ്.എൽ.റ്റി.സി. യുടെ നോഡൽ ഓഫീസറായിരിക്കും.