തൊടുപുഴ: തുടർച്ചയായ രണ്ടാം ദിനവും കൊവിഡ് ‌രോഗികളുടെ എണ്ണം ജില്ലയിൽ നൂറ് കടന്നിട്ടും തെല്ലും ജാഗ്രതയില്ലാതെ ജനം. ഇത്രനാളും മറ്റ് ജില്ലകളെ അപേക്ഷിച്ച് കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായിരുന്ന കുറവ് ജില്ലയ്ക്ക് ഏറെ ആശ്വാസകരമായിരുന്നു. എന്നാൽ ഒരു മാസമായി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. മൂന്നു തവണയാണ്‌ കൊവിഡ്‌ രോഗികളുടെ എണ്ണം നൂറ് കടന്നത്. ഇതിൽ ഉറവിടമറിയാത്ത സമ്പർക്കരോഗികളുടെ എണ്ണം ആശങ്കാജനകമാണ് വർദ്ധിക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും ചിട്ടയോടെയും ശാസ്ത്രീയവുമായ പ്രതിരോധ പ്രവർത്തനങ്ങൾ മൂലമാണ് ജില്ലയിലെ കൊവിഡ് ‌കേസുകൾ ഒരു പരിധിവരെ പിടിച്ചുനിറുത്താൻ കഴിയുന്നതെങ്കിലും ഇപ്പോൾ നിയന്ത്രണങ്ങളെല്ലാം പാളുന്ന കാഴ്ചയാണ്. ഇങ്ങനെപോയാൽ സൂപ്പർ സ്‌പ്രെഡിലേക്കോ സമൂഹവ്യാപനത്തിലേക്കോ പോകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ് അധി കൃതർ. ക്രമാതീതമായി രോഗികളുടെ എണ്ണം കൂടിയാൽ ചികിത്സിക്കാൻ ആവശ്യത്തിന് ആശുപത്രികളില്ലെന്നത് ജില്ലയുടെ പരിമിതിയാണ്. മറ്റ് ജില്ലകളിൽ നിന്ന് വ്യത്യസ്തമായി ഇടുക്കിയിൽ സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികളെ ചികിത്സിക്കാൻ ഇതുവരെ തയ്യാറായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾക്ക് ജില്ലാ ഭരണകൂടം ഹോം ഐസലേഷനടക്കം നിർദേശിച്ചത്. നിലവിൽ ജില്ലയിൽ മൂന്ന് രോഗികളാണ് ഇത്തരത്തിൽ വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നത്.

കണ്ടെയിൻമെന്റ് സോണെന്ന പ്രഹസനം

കൊവിഡ് വ്യാപനം തടയുന്നതിന് എല്ലാ ദിവസവും ജില്ലാ കളക്ടർ ചില പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിക്കാറുണ്ട്. ഈ പ്രദേശങ്ങളിൽ കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങളുണ്ടാകേണ്ടതാണ്. എന്നാൽ ജില്ലയിൽ ഇത് വെറും പ്രഹസനമായി മാറുകയാണ്. അമ്പതോളം സമ്പർക്ക രോഗികളുള്ള കണ്ടെയിൻമെന്റ് സോണുകളിൽ പോലും ഒരു മാർഗ നിർദേശവും ജനങ്ങൾ പാലിക്കുന്നില്ല. ഈ മേഖലകളിൽ ഗതാഗതം നിരോധിച്ച് പൊലീസ് സ്ഥാപിക്കുന്ന ബാരിക്കേഡ് വഴിയരികിലേക്ക് നീക്കി വാഹനങ്ങൾ കടന്നുപോകുന്നത് കാണാം. ദിവസങ്ങൾ കഴിഞ്ഞാലും പൊലീസ് ഇതറിയുന്നില്ല. കടകൾ തുറക്കുന്നതിനും കൂട്ടം കൂടുന്നതിനുമൊന്നും യാതൊരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഇല്ല. സാമൂഹിക അകലം പാലിക്കലും കടകൾക്ക് മുന്നിൽ സാനിറ്റെസറും വെള്ളവും കരുതണമെന്ന നിർദേശങ്ങളും പഴങ്കഥയായി. ഇത് നിരീക്ഷിക്കാൻ പൊലീസോ മറ്റ് അധികൃതരോ ഇവിടെയെങ്ങും എത്താറുമില്ല.