waste

തൊടുപുഴ: മുതലക്കോടം വടക്കുംമുറി റോഡിരികിൽ ബൈക്കിലെത്തി മാലിന്യം തള്ളിയവർ സി.സി ടി.വി കാമറയിൽ കുടുങ്ങി. റസിഡന്റ്‌സ് അസോസിയേഷന്റെ പരാതിയിൽ പൊലീസ് ഇവരെ വിളിച്ചു വരുത്തി മാലിന്യം നീക്കം ചെയ്യിച്ച ശേഷം പിഴയടപ്പിച്ചു. സെന്റ് ജോർജ് സ്റ്റേഡിയം,​ വടക്കുംമുറി- മങ്ങാട്ടുകവല റോഡ് എന്നിവിടങ്ങളിൽ മാലിന്യ നിക്ഷേപം പതിവായതോടെയാണ് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 33 വീട്ടുകാർ ചേർന്ന് ഒന്നര ലക്ഷത്തോളം രൂപ മുടക്കി സി.സി ടി.വി കാമറ സ്ഥാപിച്ചത്. ഇതിലാണ് കഴിഞ്ഞ ദിവസം മാലിന്യം നിക്ഷേപിക്കാനെത്തിയവരുടെ ചിത്രങ്ങൾ പതിഞ്ഞത്. ഈ ദൃശ്യങ്ങൾ സഹിതം റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. തുടർന്ന് എസ്‌.ഐ ബിജു ജേക്കബിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് മാലിന്യം തള്ളിയ ഞറുക്കുറ്റി സ്വദേശികളെ കണ്ടെത്തിയത്. ഇവരെ വിളിച്ചു വരുത്തി മാലിന്യം നീക്കം ചെയ്യിച്ചതിനു ശേഷം പിഴയടപ്പിച്ച് താക്കീതു ചെയ്തു വിട്ടയച്ചെന്ന് പൊലീസ് പറഞ്ഞു.