തൊടുപുഴ: ചാഴികാട്ട് മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പുതിയതായി നേത്രരോഗ ചികിത്സാ വിഭാഗം ആരംഭിക്കുകയാണെന്ന് ചെയർമാനും എം.ഡിയുമായ ഡോ. ജോസഫ് സ്റ്റീഫനും ജനറൽ മാനേജർ തമ്പി എരുമേലിക്കരയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 21ന് ഉച്ചയ്ക്ക് 12.30ന് ഡോ. ജോസഫ് സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൺ സിസിലി ജോസ് ഉദ്ഘാടനം ചെയ്യും. തൊടുപുഴ അർബൻ ബാങ്ക് ചെയർമാൻ വി.വി. മത്തായി മുഖ്യാതിഥിയായിരിക്കും. നേത്രരോഗ ചികിത്സാ വിഭാഗത്തിൽ 24 മണിക്കൂർ എമർജൻസി സേവനം ഉണ്ടായിരിക്കും. ഈ വിഭാഗത്തിൽ സർജറി വിഭാഗവും ഒപ്ടിക്കൽസും അടുത്തനാളുകളിൽ ആരംഭിക്കും . ആരോഗ്യശുശ്രൂഷാ രംഗത്ത് 87 വർഷമായി തൊടുപുഴയിൽ പ്രവർത്തിക്കുന്ന ചാഴികാട്ട് ആശുപത്രി ആരംഭകാലഘട്ടത്തിൽ ഗൈനക്കോളജിയിലും പീഡിയാട്രിക്സിലും ജനറൽ മെഡിസിനിലും ജനറൽ സർജറിയിലും ദീർഘനാൾ പ്രവർത്തിച്ചശേഷം മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി രംഗത്തേക്ക് കടന്നിരിക്കുകയാണ്. ഗ്യാസ്‌ട്രോ എന്ററോളജി, ന്യൂറോളജി, ന്യൂറോസർജറി, പൾമണോളജി, യൂറോളജി, കാർഡിയോളജി എന്നീ വിഭാഗങ്ങളും ജില്ലയിലെ ഏക പ്ലാസ്റ്റിക് സർജറി വിഭാഗവും വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കാർഡിയോളജി വിഭാഗം മേധാവിയായി ഡോ. എസ്. അബ്ദുൾ ഖാദർ ചാർജെടുത്തിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ്, കളമശേരി മെഡിക്കൽ കോളേജ്,​ തൃശ്ശൂർ അമല ഹോസ്പിറ്റൽ എന്നിവടങ്ങളിൽ ദീർഘകാലം ഡിപ്പാർട്ട്‌മെന്റ് മേധാവി ആയിരുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പലവിധകാരണങ്ങളാൽ ആശുപത്രിയിൽ വരാൻ സാദ്ധ്യമല്ലാത്ത രോഗികൾക്ക് (ഹൈറിസ്‌ക് പേഷ്യന്റ്സ്) വേണ്ടി ചാഴികാട്ട് ആശുപത്രി ടെലിമെഡിസിൻ, ഹോംകെയർ വിഭാഗങ്ങൾ ആരംഭിച്ചിട്ടുണ്ട്. ധാരാളം രോഗികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. ടെലിമെഡിസിന് 9846760123, ഹോംകെയറിന് 9846770123 എന്ന നമ്പറിലും ബന്ധപ്പെടാം.