 ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടു

മുട്ടം: വൈദ്യുതി ലൈനോട് ചേർന്ന് നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റി സംസ്ഥാന പാതയരുകിൽ തള്ളി. വൈദ്യുതി വകുപ്പിന് വേണ്ടി കരാർ ഏറ്റെടുത്തവരാണ് യാതൊരു ഉത്തരവാദിത്തവുമില്ലാത മരച്ചില്ലകളും മരത്തിന്റെ കമ്പുകളും വ്യാപകമായി റോഡരികിലാണ് തള്ളിയത്. തുടർന്ന് മുറിച്ചിട്ട മരക്കൊമ്പിൽ തെന്നി നിയന്ത്രണം തെറ്റി ബൈക്ക് യാത്രക്കാരൻ പരിക്കേറ്റു. കുറുമണ്ണ് പാലത്തിങ്കൽ സിബിക്കാണ് സാരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ 11.30 ന് മലങ്കര തുരുത്തേൽ പാലത്തിന്റെ വളവിന് സമീപത്തായിരുന്നു അപകടം. സിബി തൊടുപുഴയിൽ നിന്ന് തിരികെ വരുമ്പോൾ റോഡരികിൽ കിടന്നിരുന്ന മരത്തിന്റെ കൊമ്പിൽ കയറിയിറങ്ങിയ ബൈക്ക് നിയന്ത്രണം തെറ്റി അടുത്തുള്ള തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു. റോഡിന്റെ വശങ്ങളിൽ കാട് വളർന്ന് അപകടാവസ്ഥയിലായതിനെ തുടർന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, മുട്ടം പൊലീസ്, തൊടുപുഴ മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ കാട് വെട്ടി മാറ്റിയ സ്ഥലത്തിന് സമീപത്താണ് അപകടം നടന്നത്. തൊടുപുഴ- മുട്ടം റോഡിന്റെ ഇരുവശങ്ങളിലെയും വൈദ്യുതി ലൈനോട് ചേർന്നുള്ള മരച്ചില്ലകൾ കഴിഞ്ഞ ദിവസങ്ങളിൽ വെട്ടി മാറ്റിയിരുന്നു. ഇതാണ് റോഡരികിൽ തള്ളിയത്. ചില സ്ഥലങ്ങളിൽ റോഡിന്റെ വശങ്ങളിൽ വെള്ള വരക്കിപ്പുറവും അവശിഷ്ടങ്ങൾ തള്ളിയിട്ടുണ്ട്.

അപടഭീഷണിയായി മരച്ചില്ലകൾ

ചെറുതും വലുതുമായ അനേകം വാഹനങ്ങൾ കടന്ന് പോകുന്ന സംസ്ഥാന പാതയരികിൽ തള്ളിയ മരച്ചില്ലകളും കമ്പുകളും വലിയ അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഒരാൾ അപകടത്തിൽപ്പെട്ടിട്ടും ഇതുവരെ ഇവ നീക്കം ചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ല. ഒരു മാസം മുമ്പ് തൊടുപുഴ ന്യൂമാൻ കോളേജിന് സമീപം തിരക്കുള്ള റോഡരികിലും ഇത്തരത്തിൽ വെട്ടിയ മരച്ചില്ലകൾ തള്ളിയിരുന്നു. അന്ന് പ്രതിഷേധമുയർന്നതിനെ തുടർന്ന് നീക്കം ചെയ്തു. അതേസമയം മുറിച്ച് മാറ്റുന്ന ചില്ലകൾ റോഡിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്യണമെന്ന് കരാറുകാർക്ക് നിർദേശം നൽകിയിരുന്നതായി തൊടുപുഴ കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.