ഇടുക്കി: ലൈഫ് മിഷന്റെ ഭാഗമായി ഭൂരഹിത ഭവനരഹിതർക്ക് ജില്ലയിൽ മൂന്ന് ഭവന സമുച്ചയങ്ങൾ കൂടി ഉയരുന്നു. കട്ടപ്പന, കാഞ്ചിയാർ, വാത്തിക്കുടി എന്നിവിടങ്ങളിലാണ് സമുച്ചയങ്ങൾ നിർമിക്കുന്നത്. കട്ടപ്പനയിൽ നഗരസഭയുടെ കൈവശമുള്ള 156 സെന്റ് സ്ഥലത്ത് 44 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഭവന സമുച്ചയമാണ് നിർമിക്കുന്നത്. ഇതിന് ഏഴുകോടി രണ്ടു ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. കാഞ്ചിയാർ പഞ്ചായത്തിൽ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 233 സെന്റ് സ്ഥലത്ത് 44 കുടുംബങ്ങൾക്ക് താമസിക്കാവുന്ന സമുച്ചയമാണ് നിർമ്മിക്കുന്നത്. ഏഴ് കോടി രണ്ട് ലക്ഷം രൂപയാണ് ഇതിന്റെ നിർമ്മാണ ചെലവ്. വാത്തിക്കുടി പഞ്ചായത്തിൽ റവന്യൂവകുപ്പിന്റ 144 സെന്റ് ഭൂമിയിൽ 28 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഭവന സമുച്ചയം നിർമ്മിക്കുന്നതിന് നാലുകോടി 78 ലക്ഷം രൂപയാണ് നിർമാണ ചെലവ്. പ്രകൃതി വിഭവങ്ങൾ പരമാവധി കുറച്ച് ഉപയോഗിച്ചുകൊണ്ടുള്ള പ്രീഫാബ് ടെക്‌നോളജിയാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. അതിനാൽ ആറുമാസംകൊണ്ട് തന്നെ നിർമാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറാൻ സാധിക്കും. നിർമ്മാണ ഉദ്ഘാടനം 24ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി എ. സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി എം.എം. മണി, ഡീൻ കുര്യാക്കോസ് എം. പി,​ റോഷി അഗസ്റ്റിൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ കളക്ടർ എച്ച്. ദിനേശൻ തുടങ്ങിയവർ പങ്കെടുക്കും.