തൊടുപുഴ : മുട്ടത്ത് കോടതി സമുച്ചയത്തിന് സമീപത്തായുള്ള കേരളാ ഹൗസിങ് ബോർഡിന്റെ ഉടമസ്ഥതയിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ തുടങ്ങുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ഇന്ന് മുതൽ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങുമെന്ന് മുട്ടം പഞ്ചായത്തധികൃതരും ആരോഗ്യ വകുപ്പധികൃതരും പറഞ്ഞു. 200 രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള സംവീധാനങ്ങളാണ് നിലവിൽ ഇവിടെ തയ്യാറാക്കുന്നത്.
ഇതിന്റെ ഭാഗമായി കെട്ടിടത്തിലെ മുറികൾ ശുചിയാക്കുന്ന ജോലികൾ പൂർത്തിയായി.. മുട്ടം പഞ്ചായത്തിലെ തൊഴിലുറപ്പ് ജോലിക്കാർ, വിവിധ സന്നദ്ധ സംഘടനകൾ, യുവജന പ്രസ്ഥാനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.. രണ്ടും മൂന്നും ആളുകൾക്ക് ഒരുമിച്ച് താമസിക്കാവുന്ന എൺപതോളം മുറികളാണ് ഇവിടെയുള്ളത്. എല്ലാ മുറികളും വൃത്തിയാക്കി കട്ടിൽ, കിടക്ക, മേശ എന്നിവ തയ്യാറാക്കി. ആകെ 240 ബെഡ് സജ്ജീകരിക്കുന്നതിനുള്ള സൗകര്യം ഇവിടുണ്ടെങ്കിലും രോഗികൾക്കായി 200 ബെഡുകളും ബാക്കി ജീവനക്കാർക്കുമായാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്.
മുട്ടം ഗ്രാമപഞ്ചായത്തിനാണ് സി.എഫ്.എൽ.റ്റി.സി. യുടെ പൂർണ്ണ നടത്തിപ്പ് ചുമതല. ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് തയ്യാറാക്കുക. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ പറഞ്ഞു.