എൻ.ഡി.ആർ.എഫ് സംഘം ജില്ലയിൽ
തൊടുപുഴ: തെക്കൻചൈനക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിനെ തുടർന്ന് അതിതീവ്രമഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ജില്ലയിൽ ഇന്ന് റെഡ് അലേർട്ടും നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ തൃശൂരിൽ നിന്ന് 21 അംഗ ദേശീയ ദുരന്ത നിവാരണ സേന പൈനാവിലെത്തിയിട്ടുണ്ട്. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവരെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റും. രാശരി ലഭിക്കേണ്ട മഴയുടെ ഇരട്ടിയാണ് കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ പെയ്യുന്നത്. ശരാശരി 24.84 മില്ലിമീറ്റർ മഴയാണ് ഇന്നലെ ജില്ലയിൽ പെയ്തത്. ഇതിൽ തൊടുപുഴ മേഖലയിലാണ് മഴ കൂടുതൽ ലഭിച്ചത്- 44 മില്ലിമീറ്റർ. പീരുമേട്- 27, ഉടുമ്പഞ്ചോല 5.2, ഇടുക്കി- 14.2, ദേവികുളം- 33.8 എന്നിങ്ങനെയാണ് ഓരോ താലൂക്കിലും ലഭിച്ച മഴയുടെ കണക്ക്.
ഡാമുകൾ തുറക്കുന്നു
മഴ കനത്തതോടെ താരതമ്യേന ചെറിയ ഡാമുകളായ പാബ്ലെയും മലങ്കരയും തുറന്നു ജലമൊഴുക്കുന്നുണ്ട്. മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകൾ 10 സെന്റീ മീറ്റർ വീതമാണ് ഉയർത്തിയത്. അണക്കെട്ടിൽ ഇന്നലെ വൈകിട്ട് അഞ്ചിന് ജലനിരപ്പ് 40.28 മീറ്ററായി ഉയർന്നിരുന്നു. ഷട്ടറുകൾ തുറന്നതിനെ തുടർന്ന് തൊടുപുഴയാറ്റിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 23. 91 ഘന സെ. മീറ്ററാണ്. തൊടുപുഴ, മൂവാറ്റുപുഴയാറിന്റെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് എം.വി.ഐപി അധികൃതർ അറിയിച്ചു. പാബ്ലെ അണക്കെട്ടിൽ നിന്ന് 1500 ക്യുമിക്‌സ് വരെ ജലമാണ് ഒഴുക്കിവിടുന്നത്. ഡാമിനു താഴെ പെരിയാറിന് ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്ന് 2379.24 അടിയിലെത്തി. സംഭരണശേഷിയുടെ 73 ശതമാനമാണിത്. ഏഴടി കൂടി ജലമുയർന്നാൽ ബ്ലൂ അലേർട്ട് പ്റഖ്യാപിക്കും. ജലനിരപ്പ് 2393.77 ലെത്തിയാൽ റെഡ് അലേർട്ട് പ്റഖ്യാപിച്ച് ഡാം തുറക്കാനുള്ള നടപടികൾ സ്വീകരിക്കും. 125.80 ആണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്.
കടകളിൽ വെള്ളം കയറി
മലങ്കര അണക്കെട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കിയതോടെ പുഴയുടെ ഇരുകരകളിലും വെള്ളം കയറി. നദീ തീരങ്ങളിലെ റോഡുകളിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ടും രൂപപ്പെട്ടു. തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷനിൽ നിന്ന് വാട്ടർ അതോറിട്ടി ഭാഗത്തേക്കുള്ള റോഡിന്റെ ഇടതുഭാഗത്തെ കടകളിലേയ്ക്ക് വെള്ളം കയറുന്നതായി പരാതി ഉയർന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ തോടിനു സമീപത്തുള്ള വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞിരുന്നു. ഇതോടെ തോട്ടിലെ വെള്ളമൊഴുക്ക് തടസപ്പെട്ടതോടെയാണ് വ്യാപാര സ്ഥാപനങ്ങളിലും വർക്ക്‌ഷോപ്പിലും വെള്ളം കയറി സാധനങ്ങൾ നശിക്കാനിടയായത്. നഗരസഭ അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വ്യാപാരികൾ പറയുന്നു.