ഇടുക്കി: പ്രകാശിൽ വൈദ്യുതി മന്ത്രി എം.എം. മണിയെ യൂത്ത്കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് തോപ്രാംകുടിയിൽ സർക്കാർ സ്‌കൂളിന്റെ കെട്ടിട നിർമാണ ഉദ്ഘാടനം നിർവഹിച്ച ശേഷം നെല്ലിപ്പാറയിൽ പുതിയ ട്രാൻസ്‌ഫോമർ ഉദ്ഘാടനം ചെയ്യാൻ പോവുകയായിരുന്നു മന്ത്രി. ഈ സമയം യൂത്ത് കോൺഗ്രസ് കാമാക്ഷി മണ്ഡലം പ്രസിഡന്റ് പി.സി. ജിബു,​ കെ.എസ്.യു മണ്ഡലം പ്രസിഡന്റ് ബിനു തോമസ്, ബ്ലോക്ക് സെക്രട്ടറി സിബി മാത്യു തുടങ്ങിയവർ പ്രകാശ് ടൗണിൽ എം.എം. മണിയെ തടഞ്ഞ് കരിങ്കൊടി കാട്ടുകയായിരുന്നു. കരിങ്കൊടി കാണിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി മുരിക്കാശ്ശേരി പൊലീസ് പറഞ്ഞു.