ചെറുതോണി : ജില്ലയിലെ അർഹരായ മുഴുവൻ കർഷകരുടെയും കൈവശ ഭൂമിക്ക് പട്ടയം നൽകണമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ ആവശ്യപ്പെട്ടു. ചെറുകിട നാമമാത്ര ഏലകൃഷി ഭൂമി വില്ലേജ് ഓഫീസുകളിലെ ലാൻഡ് രജിസ്റ്ററിൽ ഏല തോട്ടം എന്ന് തെറ്റായി രേഖപ്പെടുത്തിയത് മൂലം ഇടുക്കിയിൽ വിവിധ പ്രദേശങ്ങളിൽ പട്ടയം ലഭിക്കുന്നില്ല. ഇതിന് പരിഹാരം കണ്ടെത്തി പട്ടയം നൽകുന്നതിന് നടപടികൾ സ്വീകരിക്കണം. ഏലത്തോട്ടങ്ങൾ സിഎച്ച്ആർ പരിധിയിൽ വരുന്നതിനാൽ കർഷകർക്ക് കൈവശഭൂമി പതിച്ചു നൽകുന്ന 1964 ഭൂപതിവ് ചട്ടത്തിലും 1993 പ്രത്യേക ഭൂപതിവ് ചട്ടത്തിലും ഇത്തരം ഭൂമി ഉൾപ്പെടുത്തുന്നതിന് തടസംനേരിടുകയാണ്. 1975 കാലയളവിലാണ് വാത്തിക്കുടി ഉൾപ്പെടെയുള്ള വില്ലേജുകളിൽ ലാൻഡ് രജിസ്റ്റർ തയ്യാറാക്കിയത്. ആ സമയങ്ങളിൽ കുരുമുളക്, കാപ്പി, കൊക്കോ, ഉൾപ്പെടെയുള്ള കൃഷിക്കൊപ്പം ഇടവിളയായി ചില പ്രദേശങ്ങളിൽ ഏലവും കൃഷി ചെയ്തിരുന്നു. എന്നാൽ ലാൻഡ് രജിസ്റ്റർ തയ്യാറാക്കിയ ഉദ്യോഗസ്ഥർ മഹസർ തയ്യാറാക്കുന്നതിന് കൃഷിയിടം പരിശോധിക്കാതെ ഇടവിള കൃഷിഭൂമിയും ഏലതോട്ടം എന്നവിധത്തിൽ രേഖപ്പെടുത്തിയത് മൂലം പട്ടയമെടുക്കുന്നതിന് കഴിയാതെ വന്നിരിക്കുകയാണ്. .ചെറുകിട കർഷകരുടെ കൈവശ ഭൂമിയിലെ കൃഷിയുടെ വേർതിരിവ് കൂടാതെ പട്ടയം നൽകണം. ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിൽ പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റെവന്യൂ മന്ത്രി അറിയിച്ചിട്ടുണ്ട്.ഇതോടെ ഈ മേഖലകളിലെ പട്ടയ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും. പട്ടയ നടപടികൾക്കായി ഏതാനും ഉദ്യോഗസ്ഥരെയും നിയമിച്ചു. ജോയിന്റ് വെരിഫിക്കേഷനിൽ അപാകത നിലനിൽക്കുന്നത് ചില മേഖലകളിൽ തടസ്സമാകുന്നുണ്ട്. വനഭൂമി ജണ്ടയിട്ടു വേര്തിരിച്ചിട്ടുള്ളതിനാൽ ജണ്ടക്ക് പുറത്തുള്ള അർഹതയുള്ള മുഴുവൻ കൃഷി ഭൂമിയും പതിച്ചു നൽകണമെന്നും എം എൽ എ ആവശ്യപ്പെട്ടു.