അണക്കര: ഇടതുസർക്കാർ നടപ്പിലാക്കിയ ജനവിരുദ്ധ നടപടികൾ അടിയന്തിരമായി പിൻവലിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. മറ്റ് ജില്ലകളിൽ നിന്നും വിഭിന്നമായി ഇടുക്കിക്കാരെ രാണ്ടാം തരം പൗരന്മാരായി കാണുന്ന സർക്കാർ സമീപനം അംഗീകരിക്കാനാകില്ല.
പട്ടയഭൂമി സർവ്വ സ്വാതത്രത്തോടുകൂടി വിനിയോഗിക്കുവാൻ ഇതര ജില്ലകളിൽ ഉള്ളവർക്ക് ഉള്ളതുപോലെ ഇടുക്കിയിലെ കുടിയേറ്റകർഷക ജനതക്കും അവകാശമുണ്ട്.ഇക്കാര്യത്തിൽ മന്ത്രി എം.എം മണി അടക്കമുള്ള ജില്ലയിൽ നിന്നുള്ള ഇടതു ജനപ്രതിനിധികൾ മൗനവ്രതം വെടിഞ്ഞു കരിനിയമത്തിനെതിരെ രംഗത്തുവരണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇടുക്കിക്ക് മാത്രമായി ഇറക്കിയിട്ടുള്ള നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക, റൂൾ 64 ഭേദഗതി ചെയ്യുക, 2019 ഡിസംബർ 17ലെ സർവകക്ഷിയോഗ തീരുമാനങ്ങൾ നടപ്പിലാക്കുക, എൽ.ഡി.എഫ് സർക്കാരിന്റെ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്.കെ.പൗലോസ് അണക്കരയിൽ നടത്തിയ ഉപവാസസമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പീരുമേട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എം.എം വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ.സി.സി അംഗം അഡ്വ. ഇ.എം ആഗസ്തി,മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം,കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ ജേക്കബ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.എസ്.അശോകൻ,
കെ.പി.സി.സി സെക്രട്ടറിമാരായ എം.എൻ ഗോപി, തോമസ് രാജൻ,നേതാക്കളായ എ.കെ മണി,എ.പി ഉസ്മാൻ,ശ്രീമന്ദിരം ശശികുമാർ, ഇ.കെ വാസു,ബാബു കുരിയാക്കോസ്,ജോയി വെട്ടിക്കുഴി,എം.ടി ജയൻ,സേനാപതി വേണു,സിറിയക് തോമസ്,ഷാജി പൈനാടത്ത്,പി.ആർ അയ്യപ്പൻ,ഷാജഹാൻ മഠത്തിൽ,ജിയോ മാത്യു,ടോണി തോമസ്,ബെന്നി പെരുവന്താനം,ജി.മുരളീധരൻ,ഷാജി പുള്ളോലിൽ,ജി.മുനിയാണ്ടി,സാബു വയലിൽ,ആഗസ്തി അഴകത്ത്,വിജയമ്മ ജോസഫ്,മുകേഷ് മോഹൻ,ജോസ് ഊരക്കാട്ടിൽ,മനോജ് മുരളി,ജാഫർഖാൻ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.