തൊടുപുഴ: ശ്രീനാരായണ ഗുരുദേവന്റെ അദൃശ്യ സാനിദ്ധ്യം ലോകമെങ്ങും നിറഞ്ഞു നിൽക്കുന്നതായി പ്രമുഖ സാംസ്‌ക്കാരിക പ്രവർത്തകയും പ്രധാനാദ്ധ്യാപികയുമായിരുന്ന കെ എൻ ഗീതാകുമാരി അഭിപ്രായപ്പെട്ടു. കൊറോണയിലമർന്ന് ലോകം ഇന്ന് ഒരു ദുരന്ത മുഖത്ത് നിൽക്കുകയാണ്.. ഗുരുദേവ സന്ദേശം ഈ അവസരത്തിൽ മറ്റെന്തിനേക്കാളും പ്രാധാന്യം അർഹിക്കുന്നു.വിട്ട് വീഴ്ചയില്ലാത്ത കർക്കശ്യത്തോടെയാണ് വ്യക്തി ശുചിത്വം വൃത്തി ബോധം പരിസര പരിപാലനം എന്നിവ സംബന്ധിച്ച് അദ്ദേഹം നമ്മെ പഠിപ്പിച്ചത് പത്തൊൻപതാം നൂറ്റാണ്ടിൽ ജനിച്ച് ഇരുപതാം നൂറ്റാണ്ടിൽ സമാധിയായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജനങ്ങളെ ആഴത്തിൽ ചിന്തിപ്പിക്കുകയാണ് ഗുരുദേവന്റെ സന്ദേശങ്ങൾ. 1988 ൽ അദ്ദേഹത്തിന്റെ നൂറാമത് ജയന്തി ആഘോഷിക്കുന്ന വേളയിൽ പണ്ഡിതന്മാർ അടങ്ങിയ വിദഗ്ദ്ധ സമിതി നടത്തിയ പഠനത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്വമേറിയ വ്യക്തിത്വത്തിന്റെ ഉടമ ശ്രീനാരായണ ഗുരുദേവനാണെന്ന് കണ്ടെത്തിയിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതിന് മാറ്റം വന്നിട്ടില്ല.