തൊടുപുഴ: ഓട്ടത്തിനിടയിൽ തകരാർ സംഭവിച്ച സ്‌കൂട്ടർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പൂർണമായും കത്തി നശിച്ചു. ഇലഞ്ഞി ഉറുമ്പിപ്പാറയിൽ സണ്ണി ജോസഫിന്റെ ബൈക്കാണ് കത്തി നശിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ മാർക്കറ്റ് റോഡിൽ പുളിമൂട് ജംഗ്ഷനു സമീപമായിരുന്നു സംഭവം. ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച് സണ്ണിയും ഭാര്യ മഞ്ജുവും മടങ്ങുമ്പോഴായിരുന്നു വാഹനം എൻജിൻ ഓഫായി നിന്നു പോയത്. തുടർന്ന് മെക്കാനിക്കിനെ വിളിച്ചു വരുത്തി തകരാർ പരിഹരിക്കുന്നതിനിടെ സ്‌കൂട്ടറിനു തീ പിടിക്കുകയായിരുന്നു. പെട്രോൾ ടാങ്കിനു കൂടി തീ പിടിച്ചതോടെ വാഹനം പൂർണമായി കത്തിയമർന്നു. തീ പിടിച്ചതോടെ ഇവർ വാഹനത്തിനു സമീപത്തു നിന്നും മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു. സമീപത്തെ വ്യാപാരികളും യാത്രക്കാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് തൊടുപുഴ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.