ഇടുക്കി :പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു അർഹമായ ധനസഹായം നൽകണമെന്ന് ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. വർഷങ്ങളായി തോട്ടങ്ങളിൽ പണിയെടുത്തു ജീവിച്ചിരുന്ന തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്.ഓരോ കുടുംബങ്ങളുടെയും പ്രതീക്ഷയായിരുന്നു ഇവർ. കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവർക്കു പത്തു ലക്ഷം രൂപ വീതം ധന സഹായം സംസ്ഥാന സർക്കാർ പ്രഖ്യപിച്ചിരുന്നു.ഇത് അഭിനന്ദനാർഹമാണ്.എന്നാൽ പെട്ടിമുടി ദുരന്തത്തിൽ മരിച്ച തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപയാണ് നൽകാൻ ഉത്തരവായിരിക്കുന്നതു.
ഒരേ ദിവസം നടന്ന അപകടങ്ങളിൽ മരിച്ചവരെ രണ്ട് തട്ടിൽ കാണുന്ന പ്രവണത തെറ്റായ സന്ദേശമാണ് നൽകുന്നത്.ഇരുകൂട്ടർക്കും പത്തു ലക്ഷം രൂപ വീതം നൽകാൻ സർക്കാർ തയ്യാറാകണം.തൊഴിലാളികളായതിന്റെ പേരിൽ അർഹമായ ധന സഹായം നൽകാതിരിക്കുന്നത് തികച്ചും നിരുത്തരവാദപരമായ നടപടിയാണെന്ന് ഇബ്രാഹിംകുട്ടി കല്ലാർ കുറ്റപ്പെടുത്തി.