കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ തുടർച്ചയായി എട്ടാം വർഷവും മികച്ച പിടിഎയ്ക്കുള്ള പുരസ്‌കാരം നേടി. ജില്ലയിലെ മികച്ച രണ്ടാമത്തെ ഹൈസ്‌കൂൾ പിടിഎയ്ക്കുള്ള സർക്കാർ പുരസ്‌കാരമാണ് ലഭിച്ചത്. സ്റ്റുഡന്റ് പോലീസ്, ആർമി എൻസിസി, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂണിയർ റെഡ് ക്രോസ്, എൻഎസ്എസ്, സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിലുള്ള ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവയെല്ലാം സ്‌കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. ലിയോ കുന്നപ്പിള്ളിൽ, കെ.പി. മധുസൂദനൻ, റാണി ഷിമ്മി എന്നിവരുടെ നേതൃത്വത്തിലുള്ള പിടിഎ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ മെയിൽ വിരമിച്ച സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവ് ഹെഡ്മാസ്റ്റർ ജോയിക്കുട്ടി ജോസഫ്, പിടിഎ സെക്രട്ടറി റെജീന ലോറൻസ് എന്നിവരുടെ മികച്ച പിന്തുണയായണ് രക്ഷാകർതൃ സമിതിയുടെ വിജയത്തിന് അടിസ്ഥാനം. രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ സിസിടിവി, ശീതീകരിച്ച കുടിവെള്ള സംവിധാനം, പുതിയ ഡെസ്‌ക്കുകൾ ബെഞ്ചുകൾ ലഭ്യമാക്കിയതുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം, ജൈവ കൃഷി വ്യാപനം എന്നിവയെല്ലാം ഒരുക്കി. കഴിഞ്ഞ അധ്യയന വർഷം പിടിഎയുടെ സഹകരണത്തോടെ രണ്ട് ഹ്രസ്വചിത്രങ്ങൾ നിർമിക്കാനായതും നേട്ടമാണ്. ലോക്ഡൗൺ കാലത്ത് അമ്പതിലധികം കുടുംബങ്ങളിൽ ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കാൻ ടിവി, ഡിറ്റിഎച്ച് കണക്ഷൻ, സ്മാർട്ട് ഫോൺ എന്നിവ നൽകി. കൈതപ്പാറ, വേളൂർ പ്രദേശങ്ങളിലെ വിദ്യാർഥികളെ സന്ദർശിച്ച് അവർക്ക് വേണ്ട പഠന സഹായമെത്തിച്ചതും പിടിഎയുടെ സഹകരണത്തോടെയാണ്. സ്‌കൂൾ മൈതാനത്തിന്റെ നവീകരണമാണ് സ്‌കൂൾ പിടിഎയുടെ അടുത്ത ലക്ഷ്യം. മറ്റൊരു സ്വപ്ന പദ്ധതിയാണ് സമ്പൂർണ സൗരോർജ വിദ്യാലയം. പുരസ്‌കാരം നേടിയ രക്ഷാകർതൃ സമിതിയെ സ്‌കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, പ്രിൻസിപ്പൽ ചെറിയാൻ ജെ. കാപ്പൻ, ഹെഡ്മാസ്റ്റർ സജി മാത്യു എന്നിവർ അഭിനന്ദിച്ചു.