തൊടുപുഴ: ഭൂപ്രശ്‌നങ്ങളുടെ പേരിൽ യു.ഡി.എഫ് ജില്ലയിൽ നടത്തുന്ന സമരങ്ങൾക്ക് മറുപടിയായി 25ന് ജില്ലയിലെ പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ വിശദീകരണ യോഗങ്ങൾ നടത്തും. യു.ഡി.എഫും ബി.ജെ.പിയും സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന നുണപ്രചരണങ്ങൾക്കും അക്രമസമരങ്ങൾക്കുമെതിരെ 29ന് തൊടുപുഴയിൽ ജനകീയ കൂട്ടായ്മയും സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ, സി.പി. എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ 29ന് രാവിലെ 10 മുതൽ ഒന്നു വരെയാണ് ജനകീയ കൂട്ടായ്മ. ഭൂപതിവ് ചട്ടങ്ങൾ കാലോചിതമായി പരിഷ്‌കരിക്കണമെന്ന നിലപാടാണ് എൽ.ഡി.എഫിനും സർക്കാരിനുമുള്ളത്. ഇതിന് ശ്രമങ്ങൾ ആരംഭിച്ചപ്പോഴേക്കും സംസ്ഥാനം കൊവിഡ് പ്രതിസന്ധിയിലായി. ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്. തങ്ങളുടെ സമരം കൊണ്ടാണ് ചട്ടം ഭേദഗതി ചെയ്യുന്നതെന്ന് അവകാശപ്പെടാനാണ് യു.ഡി.എഫിന്റെ സമരാഭാസം. പട്ടയമടക്കമുള്ള ജനകീയാവശ്യങ്ങളോട് യു.ഡി.എഫ് സർക്കാരുകളുടെ സമീപനം എന്തായിരുന്നുവെന്ന് ജനങ്ങൾക്കറിയാം. 1964 ലെ ചട്ടമനുസരിച്ച് ഒരേക്കർ ഭൂമിക്കേ പട്ടയം നൽകൂവെന്നാണ് അവർ തീരുമാനിച്ചത്. ഒരുലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് പട്ടയം നൽകില്ലെന്നും അവർ ഉത്തരവിറക്കി. പന്ത്രണ്ടു വർഷത്തേയ്ക്ക് പട്ടയം കൈമാറരുതെന്നതടക്കം 16 ഉപാധികൾ ഏർപ്പെടുത്തിയതും യു.ഡി.എഫാണ്. ഈ ഉപാധികളെല്ലാം നീക്കി നാലേക്കർ വരെ കൈവശഭൂമിക്ക് എൽ.ഡി.എഫ് സർക്കാർ പട്ടയം നൽകി വരികയാണ്. ആദിവാസികൾക്കും പട്ടയം ലഭിച്ചു. പത്തു ചെയിൻ പ്രദേശത്ത് പട്ടയം നൽകാനുള്ള തീരുമാനവും സർക്കാർ കൈക്കൊണ്ടു. ഏഴു ചെയിനിനു പുറമെ മൂന്നു ചെയിൻ പ്രദേശത്തും നൽകാനുള്ള നടപടികളാണ് നീങ്ങുന്നതെന്നും നേതാക്കൾ വ്യക്തമാക്കി. എൻ.സി.പി ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ, എം.എ. ജോസഫ് (ജെ.ഡി.എസ്), ഡോ. രാജഗോപാൽ (കോൺഗ്രസ്- എസ്), സി. ജയകൃഷ്ണൻ (കേരള കോൺഗ്രസ്- സ്‌കറിയ തോമസ് വിഭാഗം), ജോർജ്ജ് അഗസ്റ്റിൻ (ജനാധിപത്യ കേരള കോൺഗ്രസ്), പോൾസൺ
മാത്യു (കേരള കോൺഗ്രസ്- ബി), എം.എം. സുലൈമാൻ (ഐ.എൻ.എൽ), സോമശേഖരൻ നായർ (എൽ.ജെ.ഡി) എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.