തൊടുപുഴ: കണ്ണൂർ ജില്ല വീണ്ടും കാലാപ ഭൂമിയാക്കാൻ സി.പി.എം ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബോംബ് നിർമ്മാണത്തിനിടെ മട്ടന്നൂരിൽ സി.പി.എം പ്രവർത്തകന്റെ വീട്ടിൽ നടന്ന സ്‌ഫോടനമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. ബോംബ് നിർമ്മാണം സി.പി.എമ്മിന് കുടിൽ വ്യവസായമാണ്. ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിന് ഉത്തരവാദിത്തപ്പെട്ട പൊലീസ് നിഷ്‌ക്രിയത്വം തുടരുകയാണ്. കണ്ണൂരിൽ നടക്കുന്ന ബോംബു നിർമ്മാണങ്ങളിൽ സി.പി.എമ്മിന്റെ പങ്ക് വ്യക്തമായി തിരിച്ചറിഞ്ഞിട്ടും ഇവർക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിക്കാത്തത് സി.പി.എമ്മിന്റെ ഇടപെടൽ കൊണ്ടാണ്. ആഴ്ചകൾക്ക് മുമ്പാണ് തലശ്ശേരിയിൽ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിയുണ്ടായി സി.പി.എം പ്രവർത്തകന്റെ കൈപ്പത്തികൾ നഷ്ടപ്പെട്ടത്. പാർട്ടി ഗ്രാമങ്ങൾ ഒരു മറയാക്കിയാണ് സി.പി.എം ബോംബ് നിർമ്മാണം നടത്തുന്നത്. ബോംബ് നിർമ്മാണത്തിലും ആയുധ ശേഖരത്തിലും ആളെക്കൊല്ലുന്നതിലും സി.പി.എമ്മും ബി.ജെ.പിയും പരസ്പരം വർഷങ്ങളായി മത്സരിക്കുകയാണ്.